കോഴിക്കോട്: ആർഎൽവി രാമകൃഷ്ണനെതിരെ കലാമണ്ഡലം സത്യഭാമ ജൂനിയർ നടത്തിയ അധിക്ഷേപത്തിനെതിരെ കൈതപ്രം ദാമോദരൻ നമ്പൂതിരി.
വലിയ ഒരു വിദ്യാർത്ഥി സമൂഹം ശിഷ്യൻമാരായിട്ടുള്ള കലാകാരനാണ് ആർഎൽവി രാമകൃഷ്ണനെന്ന് കൈതപ്രം ജനം ടിവിയോട് പറഞ്ഞു. ഒരുപാട് അംഗീകാരം നേടിയ കലാകാരനാണ് അദ്ദേഹം. അങ്ങനെയുള്ള ഒരാളെ വ്യക്തിപരമായി അധിക്ഷേപിക്കുന്നത് ഒരുതരത്തിലും അംഗീകരിക്കാൻ കഴിയില്ല. കലാകാരൻമാരുടെ ഇടയിൽ ജാതീയ അധിക്ഷേപം പാടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ആർഎൽവി രാമകൃഷ്ണനെതിരെ കലാമണ്ഡലം സത്യഭാമ ജൂനിയർ നടത്തിയ പരാമർശത്തിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. നിരവധി പ്രമുഖർ രാമകൃഷ്ണന് പിന്തുണയുമായി രംഗത്ത് വന്നു. ഒരു യുട്യൂബ് ചാനലിനു നൽകിയ അഭിമുഖത്തിലാണ് സത്യഭാമ രാമകൃഷ്ണനെ അധിക്ഷേപിച്ച് സംസാരിച്ചത്.
പുരുഷന്മാർ മോഹിനിയാട്ടം കളിക്കുന്നത് അരോചകമാണെന്നും ആർഎൽവി രാമകൃഷ്ണന് കാക്കയുടെ നിറമാണെന്നുമായിരുന്നു സത്യഭാമയുടെ പറഞ്ഞത്. ഇവനെ കണ്ടാൽ പെറ്റതള്ള പോലും സഹിക്കില്ലെന്നും ഓൺലൈൻ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ അവർ പറഞ്ഞിരുന്നു.