തിരുവനന്തപുരം: കലാമണ്ഡലം സത്യഭാമ ജൂനിയർ സ്ത്രീധനം ആവശ്യപ്പെട്ട് പീഡിപ്പിച്ചിരുന്നതായി മരുമകളുടെ പരാതി. 2022 ഡിസംബർ 10ന് പീഡനം ചൂണ്ടിക്കാട്ടി മരുമകൾ നൽകിയ പരാതിയുടെ എഫ്‌ഐആറിന്റെ പകർപ്പ് ജനം ടിവിക്ക് ലഭിച്ചു. പത്ത് ലക്ഷം രൂപയും വസ്തും ആവശ്യപ്പെട്ട് ശാരീരികമായി ഉപദ്രവിച്ചിരുന്നതായി കന്റോൺമെന്റ് പൊലീസിന് സമർപ്പിച്ച പരാതിയിൽ മരുമകൾ പറയുന്നു.
ആർഎൽവി രാമകൃഷ്ണനെതിരെ അധിക്ഷേപ പരാമർശത്തിന്റെ പേരിൽ സത്യഭാമ ജൂനിയറിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. അവർ പഠിച്ച കലാമണ്ഡലം അടക്കം പൂർവ്വ വിദ്യാർത്ഥിയെ തള്ളി രംഗത്ത് വന്നിരുന്നു. ഇതിനിടയിലാണ് മരുമകൾ നൽകിയ സ്ത്രീധന പീഡന പരാതിയുടെ വിവരങ്ങൾ പുറത്ത് വന്നത്.
ഒരു യുട്യൂബ് ചാനലിനു നൽകിയ അഭിമുഖത്തിലാണ് സത്യഭാമ രാമകൃഷ്ണനെ അധിക്ഷേപിച്ച് സംസാരിച്ചത്. പുരുഷന്മാർ മോഹിനിയാട്ടം കളിക്കുന്നത് അരോചകമാണെന്നും ആർഎൽവി രാമകൃഷ്ണന് കാക്കയുടെ നിറമാണെന്നുമായിരുന്നു സത്യഭാമയുടെ പറഞ്ഞത്. തുടർന്ന് പ്രതികരണം ആരാഞ്ഞ മാദ്ധ്യമ പ്രവർത്തകരോടും ഇവർ കയർത്തിരുന്നു. രാമകൃഷ്ണനെ കുറിച്ചുള്ള പരാമർശത്തിൽ യാതൊരു കുറ്റബോധവും ഇല്ലെന്നും അതിൽ ഉറച്ച് നിൽക്കുന്നതായും അവർ മാദ്ധ്യമങ്ങളോട് പറഞ്ഞിരുന്നു.















