ദിസ്പുർ: സംസ്ഥാനത്ത് ആദ്യത്തെ സെമികണ്ടക്ടർ പ്ലാന്റ് നിർമ്മിച്ചതിന് രത്തൻ ടാറ്റയോട് നന്ദി അറിയിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ. വാണിജ്യ ഉല്പാദനം സാധ്യമാക്കിയതിന് എപ്പോഴും നന്ദിയുള്ളവരായിരിക്കുമെന്നാണ് ഹിമന്ത ബിശ്വ ശർമ്മ പറഞ്ഞത്. എക്സിലൂടെയാണ് നന്ദി അറിയിച്ചത്.
‘കഴിഞ്ഞ ദിവസത്തെ മുംബൈ സന്ദർശനം വളരെ സവിശേഷമായിരുന്നു. സംസ്ഥാനത്ത് സെമികണ്ടക്ടർ പ്ലാന്റ് സ്ഥാപിക്കുന്നതിനും പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിച്ചതിനും എപ്പോഴും നന്ദിയുള്ളവരായിരിക്കും അസമിലെ ജനങ്ങൾ. ഈ മെഗാ പദ്ധതിക്കായി നിക്ഷേപം നടപ്പിലാക്കാൻ നമ്മുടെ സംസ്ഥാനത്ത് ശ്രദ്ധേയമായ ബോധ്യവും വിശ്വാസവും അർപ്പിച്ചതിന് രത്തൻ ടാറ്റയോട് എപ്പോഴും നന്ദിയുള്ളവനായിരിക്കും.’- ഹിമന്ത ബിശ്വ ശർമ്മ കുറിച്ചു.
കഴിഞ്ഞ ദിവസമാണ് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ ടാറ്റ സൺസ് എമിരിറ്റസ് ചെയർമാൻ രത്തൻ ടാറ്റയെയും ചെയർമാൻ എൻ. ചന്ദ്രശേഖരനെയും സന്ദർശിച്ചത്. മുംബൈയിൽ വച്ചായിരുന്നു ഇരുവരെയും കണ്ടത്. പ്രധാനമന്ത്രി നരേന്ദ്ര മോദി തറക്കല്ലിട്ട സെമികണ്ടക്ടർ പ്ലാന്റ് സ്ഥാപിച്ചതിന് നന്ദിയും അറിയിച്ചിരുന്നു. കിഴക്കൻ ഇന്ത്യയുടെ സാമ്പത്തിക ഭൂപ്രകൃതിയെ മാറ്റിമറിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. 27,000 കോടി രൂപയുടെ ടാറ്റ സെമികണ്ടക്ടർ പ്ലാന്റ് സംസ്ഥാനത്തെ ലോക അർദ്ധചാലക ഭൂപടത്തിൽ ഉൾപ്പെടുത്തുമെന്നും മന്ത്രി ഇന്നലെ പറഞ്ഞിരുന്നു.















