റാഞ്ചി: ഭൂമി കുംഭകോണവുമായി ബന്ധപ്പെട്ട് കള്ളപ്പണം വെളിപ്പിക്കൽ കേസിൽ ഝാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്റെ ജുഡീഷ്യൽ കസ്റ്റഡി നീട്ടി. ഏപ്രിൽ 4 വരെയാണ് നീട്ടിയിരിക്കുന്നത്. റാഞ്ചി പ്രത്യേക പിഎംഎൽഎ കോടതിയാണ് സോറന്റെ ജുഡീഷ്യൽ കസ്റ്റഡി കാലാവധി നീട്ടിയത്. നേരത്തെ മാർച്ച് 21 വരെയായിരുന്നു സോറനെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടത്. ഇന്നലെ വീഡിയോ വീഡിയോ കോൺഫറൻസ് വഴിയാണ് ഹേമന്ത് സോറനെ കോടതിയിൽ ഹാജരാക്കിയത്.
ഖനന അഴിമതിയിലൂടെ കള്ളപ്പണം വെളുപ്പിച്ചെന്ന കേസിൽ ജനുവരി 31നാണ് ഇഡി സോറനെ അറസ്റ്റ് ചെയ്തത്. നേരത്തെ റാഞ്ചിയിലെ പ്രത്യേക പിഎംഎൽഎ കോടതി സോറനെ അഞ്ച് ദിവസത്തേക്ക് ഇഡി കസ്റ്റഡിയിൽ വിടുകയും പിന്നീട് രണ്ട് തവണ ഏഴ് ദിവസത്തേക്ക് കൂടി നീട്ടുകയും ചെയ്തിരുന്നു. നേരത്തെ ഫെബ്രുവരി 22നാണ് സോറന്റെ ഇഡി കസ്റ്റഡി വീണ്ടും നീട്ടിയത്.
സോറനെ റാഞ്ചിയിലെ ഹോത്വാറിലെ ബിർസമുണ്ട സെൻട്രൽ ജയിലിൽ പാർപ്പിച്ചിരിക്കുകയാണ്. ജാമ്യത്തിനായി നിരവധി തവണ ശ്രമിച്ചെങ്കിലും അദ്ദേഹത്തിന്റെ കസ്റ്റഡി കാലാവധി വീണ്ടും നീട്ടുകയായിരുന്നു. ഹേമന്ത് സോറനെ ഇഡി അറസ്റ്റ് ചെയ്തതിന് പിന്നാലെ മുഖ്യമന്ത്രി സ്ഥാനം രാജിവയ്‌ക്കുകയും ചെയ്തു. പിന്നാലെ സോറന്റെ മന്ത്രിസഭയിലെ ഗതാഗത വകുപ്പ് മന്ത്രി ചംപൈ സോറൻ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുകയായിരുന്നു.















