കലാമണ്ഡലം സത്യഭാമ ജൂനിയറിന്റെ ജാതി അധിക്ഷേപത്തിൽ പ്രതികരിച്ച് നടൻ മണികണ്ഠൻ ആചാരി. ഞങ്ങൾ കാലാകാരൻമാരാണെന്നും അതാണ് ഞങ്ങളുടെ അടയാളമെന്നും നിങ്ങൾ വീട്ടിലിരുന്ന് തീരുമാനമെടുക്കുന്ന കാലം കഴിഞ്ഞുപോയെന്നും താരം പറഞ്ഞു. സമൂഹമാദ്ധ്യമങ്ങളിലൂടെയാണ് താരം ആർഎൽവി രാമകൃഷ്ണന് പിന്തുണ അറിയിച്ചത്.
‘സത്യഭാമയ്‌ക്കൊരു മറുപടി… ഞങ്ങൾ മനുഷ്യരാണ്. ഈ മണ്ണിൽ ജനിച്ചുവളർന്നവർ. ഞങ്ങൾ കലാകാരന്മാർ ആണ്. അതാണ് ഞങ്ങളുടെ അടയാളം. ആടും പാടും അഭിനയിക്കും. കാണാൻ താത്പര്യമുള്ളവർ നല്ല മനസ്സുള്ളവർ കണ്ടോളും. ആരൊക്കെ എന്തൊക്കെ ചെയ്യണം എന്ന് നിങ്ങൾ വീട്ടിലിരുന്ന് തീരുമാനിക്കുന്ന കാലം കഴിഞ്ഞുപോയി. ഇത് യുഗം വേറെയാണ്…’ എന്നായിരുന്നു താരത്തിന്റെ കുറിപ്പ്.
കലാമണ്ഡലം സത്യഭാമ ജൂനിയറിനെതിരെ നിരവധി പേരാണ് ഇതിനോടകം വിമർശനവുമായി എത്തിയിരിക്കുന്നത്. എന്നാൽ തന്റെ അധിക്ഷേപ പരാമർശത്തിൽ ഉറച്ച് നിൽക്കുകയാണെന്ന് ഇന്നലെ സത്യഭാമ ജൂനിയർ മാദ്ധ്യമങ്ങളോട് പറഞ്ഞിരുന്നു. മോഹിനിയാട്ടം അവതരിപ്പിക്കുന്ന പുരുഷന്മാർക്ക് സൗന്ദര്യം വേണം. കറുത്തവർ നൃത്തം പഠിക്കുന്നുണ്ടെങ്കിൽ ക്ഷേത്രത്തിലോ മറ്റോ അവതരിപ്പിക്കണം. മത്സരങ്ങളിൽ സൗന്ദര്യത്തിന് പ്രത്യേക കോളമുണ്ട് എന്നൊക്കെയായിരുന്നു സത്യഭാമ ജൂനിയർ പറഞ്ഞത്.
മോഹിനിയാട്ടം കളിക്കുന്നവർ എപ്പോഴും മോഹിനിയായിരിക്കണമെന്നും ഇയാളെ കണ്ടു കഴിഞ്ഞാൽ കാക്കയുടെ നിറമാണെന്നുമായിരുന്നു സത്യഭാമ ജൂനിയറിന്റെ പരാമർശം. ഒരു പുരുഷൻ കാലും കവച്ചുവച്ച് കളിക്കുന്നത് പോലൊരു അരോചകം ഇല്ല. മോഹിനിയാട്ടം കളിക്കുന്ന ആൺകുട്ടികൾക്ക് സൗന്ദര്യം ഉണ്ടായിരിക്കണം. ഇവനെ കണ്ടാൽ പെറ്റതള്ള പോലും സഹിക്കില്ലെന്നുമുള്ള വിവാദ പ്രസ്താവനയായിരുന്നു സത്യഭാമ ജൂനിയറിന്റേത്.