സ്വന്തം വീട്ടിൽ എന്തിനും പരിഹാരമുണ്ടെങ്കിലും നമ്മൾ അത് തേടുക മറ്റൊരിടത്താകും . ഇതിന് മികച്ച ഉദാഹരണമാണ് പ്രശസ്ത വ്യവസായി ഹർഷ് ഗോയങ്ക പങ്കുവെച്ച വീഡിയോ .
മഹീന്ദ്ര ഗ്രൂപ്പിന്റെ ചെയർമാൻ ആനന്ദ് മഹീന്ദ്രയുടെ വീഡിയോയാണ് ഹർഷ് ഗോയങ്ക ‘എന്റെ സുഹൃത്ത് പറഞ്ഞ മനോഹരമായ ഒരു കഥ’; എന്ന കുറിപ്പോടെ പങ്ക് വച്ചിരിക്കുന്നത്. അടൽ ബിഹാരി വാജ്‌പേയിയുടെ അനുസ്മരണ പ്രഭാഷണത്തിൽ പങ്കെടുത്ത് ആനന്ദ് മഹീന്ദ്ര പറയുന്ന വാക്കുകളാണ് ദൃശ്യങ്ങളിലുള്ളത്.
തന്റെ ഇളയ മകളുടെ കൈയ്‌ക്ക് പരിക്കേറ്റതിന്റെയും , അത് ചികിത്സച്ചതിന്റെയും വിവരങ്ങളാണ് ആനന്ദ് മഹീന്ദ്ര പറയുന്നത് . മകളുടെ കൈയ്‌ക്ക് ഗ്ലാസ് കൊണ്ട് പരിക്കേറ്റതിനാൽ അവർക്ക് മൈക്രോ സർജറി ചെയ്യേണ്ടിവന്നു. മകളെ പാരീസിലും ലണ്ടനിലുമായി പ്രശസ്ത ശസ്ത്രക്രിയാ വിദഗ്ധർ ചികിൽസിച്ചിട്ടും ഫലമുണ്ടായില്ല . ഒടുവിൽ ഇന്ത്യയിലെത്തി , പിന്നീട് മകളെ മുംബൈയിലെ ഡോ.ജോഷിയാണ് ചികിത്സിച്ചത്. അദ്ദേഹം മകളുടെ വിരലിൽ ഒരു ചെറിയ ലോഹ ഉപകരണം ഘടിപ്പിച്ചു. കേവലം രണ്ട് രൂപ മാത്രമായിരുന്നു ഈ ഉപകരണത്തിന്റെ വില. ഈ മെറ്റൽ ഹുക്ക് ഉപയോഗിച്ച് മകളുടെ വിരൽ ചലിപ്പിക്കാൻ ഡോ. ജോഷി സഹായിച്ചതെങ്ങനെയെന്നും ആനന്ദ് മഹീന്ദ്ര വീഡിയോയിൽ വിശദീകരിക്കുന്നുണ്ട്.
കുറച്ച് നാളുകൾക്ക് ശേഷം മകൾ അതേ കൈകൊണ്ട് പിയാനോ വായിക്കാനും തുടങ്ങി. ഈ സംഭവം തന്നെ ഒരു പാഠം പഠിപ്പിച്ചതാണ് ഈ കഥ വീണ്ടും പറയാൻ കാരണമെന്ന് ആനന്ദ് മഹീന്ദ്ര പറഞ്ഞു. എല്ലായിടത്തും പരിഹാരങ്ങൾ തേടുന്നതിന് മുമ്പ് സ്വന്തം വീട്ടുമുറ്റത്ത് തന്നെ പരിഹാരങ്ങൾ തേടണമെന്നും ആനന്ദ് മഹീന്ദ്ര പറയുന്നു. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, മകളെ വിദേശത്ത് ചികിത്സിച്ചെങ്കിലും ഇന്ത്യയിലെ ഡോ. ജോഷിയുടെ ചികിത്സയാണ് ഫലിച്ചതെന്നും ആനന്ദ് മഹീന്ദ്ര പറയുന്നു.















