അമരാവതി: ആന്ധ്രപ്രദേശിൽ മുഖ്യമന്ത്രി ജഗ്‌മോഹൻ റെഡ്ഡിയുടെ ചിത്രം പതിപ്പിച്ച 5,500 സാരികൾ തെരഞ്ഞെടുപ്പ് കമ്മീഷൻ പിടിച്ചെടുത്തു. പൽനാട് ജില്ലയിലെ ഇൻഡസ്ട്രിയൽ ഗോഡൗണിൽ നിന്നാണ് 33.6 ലക്ഷം രൂപ വിലമതിക്കുന്ന സാരികൾ കണ്ടെടുത്തത്. രഹസ്യ വിവരത്തെ തുടർന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഫ്‌ളയിംഗ് സ്‌ക്വാഡും പൊലീസും സംയുക്തമായാണ് റെയ്ഡ് നടത്തിയത്. 114 പെട്ടികളിലാണ് സാരികൾ സൂക്ഷിച്ചിരുന്നത്.
സ്ത്രീ വോട്ടർമാരെ സ്വാധീനിക്കാനായി തയ്യാറാക്കിവെച്ചിരുന്ന ഓരോ സാരിയിലും ജഗൻ മോഹൻ റെഡ്ഡിയുടെ ചിത്രത്തിനോപ്പം വൈഎസ്ആർസിപിയുടെ ചിഹ്നവും പതിപ്പിച്ചിട്ടുണ്ടെന്ന് പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. വൈഎസ്ആർസിപി നേതാവ് ബവിരിസെട്ടി വെങ്കിട സുബ്രഹ്‌മണ്യമാണ് ഗോഡൗൺ വാടകയ്‌ക്കെടുത്തത്. സുബ്രഹ്‌മണ്യം ഒളിവിലാണെന്നും പൊലീസ് വ്യക്തമാക്കി.
നിയമസഭാ- ലോക്സഭാ തെരഞ്ഞെടുപ്പ് ഒന്നിച്ച് നടക്കുന്ന ആന്ധ്രയിൽ മെയ് 13 നാണ് പോളിംഗ്. ഇതിന്റെ പശ്ചാത്തലത്തിൽ കർശന നിരീക്ഷണമാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ ഏർപ്പെടുത്തിയിരിക്കുന്നത്. ആന്ധ്രയിൽ നിന്നും ജനുവരി ഒന്നിന് ശേഷം 176 കോടി രൂപ മൂല്യമുള്ള വസ്തുക്കൾ കമ്മീഷൻ പിടിച്ചെടുത്തിട്ടുണ്ട്.















