കോട്ടയം: പതിമൂന്നുകാരിയെ പീഡിപ്പിച്ച കേസിൽ സ്ത്രീക്ക് 42 വർഷം കഠിനതടവ്. 10 വർഷം മുൻപു നടന്ന സംഭവത്തിൽ ഇടുക്കി പൈനാവ് അതിവേഗ കോടതി ജഡ്ജി ടി.ജി.വർഗീസാണ് ശിക്ഷ വിധിച്ചത്. ഒന്നാം പ്രതി കൊന്നത്തടി കണ്ണാടിപ്പാറ ഇരുണ്ടതൂക്കിൽ മിനിക്കാണ് (43) രണ്ട് കേസുകളിലായി 42 വർഷം കഠിനതടവും 11,000 രൂപ പിഴയും വിധിച്ചത്.
കേസിലെ മറ്റു പ്രതികളും സഹോദരങ്ങളുമായ അറക്കുളം കോഴിപ്പള്ളി ചീനിമുട്ടിൽ വിനോദ് (39), മനോജ് (38) എന്നിവർ 11 വർഷം കഠിനതടവും 6000 രൂപ വീതം പിഴയും ഒടുക്കണം.
കേസിലെ മറ്റൊരു പ്രതിയായ ശിവൻകുട്ടിയെ( 70) മൂന്നു വർഷം കഠിനതടവിന് ഒരാഴ്ച മുൻപ് കോടതി ശിക്ഷിച്ചിരുന്നു. പെൺകുട്ടിയെ മറ്റൊരു സ്ഥലത്തുവച്ച് പീഡിപ്പിക്കാൻ ശ്രമിച്ച കേസിലാണ് ശിക്ഷ വിധിച്ചത്. പ്രോസിക്യൂഷനുവേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ ഷിജോമോൻ ജോസഫ് ഹാജരായി.















