തിരുവനന്തപുരം: സംസ്ഥാനത്ത് താപനില ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.മാർച്ച് 26 വരെയുള്ള ദിവസങ്ങളിലാണ് താപനില ഉയരാൻ സാധ്യത.കോട്ടയം, കൊല്ലം, തൃശൂർ എന്നീ ജില്ലകളിൽ ഉയർന്ന താപനില 39 ഡിഗ്രി സെൽഷ്യസ് വരെയെത്താൻ സാധ്യതയുണ്ടെന്നാണ് പ്രവചനം.
പത്തനംതിട്ടയിൽ ഉയർന്ന താപനില 38 ഡിഗ്രി സെൽഷ്യസ് വരെയും ആലപ്പുഴ, എറണാകുളം, മലപ്പുറം, കോഴിക്കോട് എന്നീ ജില്ലകളിൽ ഉയർന്ന താപനില 37 ഡിഗ്രി സെൽഷ്യസ് വരെയും ഉയരുമെന്നാണ് മുന്നറിയിപ്പ്. തിരുവനന്തപുരം, പാലക്കാട് എന്നീ ജില്ലകളിൽ ഉയർന്ന താപനില 36 ഡിഗ്രി വരെ ഉയർന്നേക്കും. വർദ്ധിച്ചു വരുന്ന താപനിലയും വായുവും അസ്വസ്ഥതയുള്ള കാലാവസ്ഥയ്‌ക്ക് കാരണമായേക്കും.
അതേസമയം ശനിയാഴ്ച സംസ്ഥാനത്ത് വേനൽ മഴയ്‌ക്ക് സാധ്യതയുണ്ട്. എട്ട് ജില്ലകളിൽ മഴ പെയ്‌തേക്കുമെന്നാണ് മുന്നറിയിപ്പ്. തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, വയനാട് എന്നീ ജില്ലകളിലാണ് നേരിയ മഴയ്‌ക്ക് സാധ്യതയുള്ളത്.















