ന്യൂഡൽഹി: ഇത്തവണത്തെ ഹോളി ആഘോഷം മെയ്ഡ് ഇൻ ഇന്ത്യ സാധനങ്ങളിലൂടെ. വ്യാപാരികളും ജനങ്ങളും ഇക്കുറി ചൈനീസ് നിർമിത അലങ്കാര വസ്തുക്കൾ ഒഴിവാക്കുകയാണെന്ന് കോൺഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ ട്രേഡേഴ്സ് സെക്രട്ടറി ജനറൽ പ്രവീൺ ഖണ്ഡേൽവാൾ ചൂണ്ടിക്കാട്ടി. വിപണിയിലെ ട്രെൻഡിനെക്കുറിച്ച് വാർത്താ ഏജൻസിയായ എഎൻഐയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
വ്യാപാരികളും ഉപയോക്താക്കളും ചൈന നിർമ്മിത സാധനങ്ങൾ ബഹിഷ്‌കരിക്കും. ഹെർബൽ കളറുകൾ, ഗുലാൽ, വാട്ടർ ഗൺ, ബലൂണുകൾ, ചന്ദനം, പൂജ സാധനങ്ങൾ, വസ്ത്രങ്ങൾ എന്നിവ ധാരാളം വിറ്റഴിക്കുന്നുണ്ട്. ഇതിന് പുറമെ മധുര പലഹാരങ്ങൾക്കും ഡ്രൈ ഫ്രൂട്ട്‌സ്, ഗിഫ്റ്റ് ഐറ്റംസ്, പൂക്കൾ, പഴങ്ങൾ,ഫർണിഷിംഗ് സാധനങ്ങൾ, പലചരക്ക് വസ്തുക്കൾ എന്നിവയ്‌ക്കെല്ലാം വിപണിയിൽ ആവശ്യക്കാരേറയാണ്.
ഡൽഹിയിലും രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലും വലിയ തോതിൽ ഹോളി ആഘോഷിക്കാറുണ്ട്. ഇത്തവണ ഡൽഹിയിൽ മാത്രം 3,000-ൽ അധികം പരിപാടികൾ ഹോളിയുമായി ബന്ധപ്പെട്ട് നടക്കും. മുൻവർഷങ്ങളെക്കാൾ 50 ശതമാനം അധികം കച്ചവടം ഇക്കുറി നടന്നുവെന്നാണ് പ്രവീൺ ഖണ്ഡേൽവാൾ പറയുന്നത്.