കൊൽക്കത്ത: തൃണമൂൽ കോൺഗ്രസ് നേതാവ് മഹുവ മൊയ്ത്രയുടെ വസതിയിൽ സിബിഐ റെയ്ഡ്. പാർലമെന്റിൽ ചോദ്യം ചോദിക്കുന്നതിന് കോഴ വാങ്ങിയ സംഭവത്തിലാണ് പരിശോധന നടക്കുന്നത്. മഹുവയുടെ കൊൽക്കത്തയിലെ വസതിയിലും മറ്റിടങ്ങളിലുമാണ് പരിശോധന.
പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെയും അദാനി ഗ്രൂപ്പിനെതിരെയും പാർലമെന്റിൽ ചോദ്യങ്ങൾ ഉന്നയിക്കുന്നതിനായി ദർശൻ ഹീരന്ദാനിയിൽ നിന്നും കോഴ വാങ്ങിയിട്ടുണ്ടെന്ന ആരോപണങ്ങൾ മഹുവയ്‌ക്കെതിരായി ഉയർന്നിരുന്നു. ആരോപണങ്ങൾ പരിശോധിച്ച സിബിഐ പ്രാഥമിക റിപ്പോർട്ട് ലോക്പാലിന് സമർപ്പിച്ചു. റിപ്പോർട്ട് പരിശോധിച്ച ശേഷമാണ് തുടർ നടപടിക്കായി ലോക്പാൽ ഉത്തരവിട്ടത്.
കഴിഞ്ഞ ഡിസംബറിലായിരുന്നു മഹുവ മൊയ്ത്രയുടെ ലോഗിൻ വിവരങ്ങൾ ദർശൻ ഹീരാനന്ദാനിയുമായി പങ്കുവച്ചുവെന്ന് തെളിഞ്ഞത്. തുടർന്ന് മഹുവയുടെ ലോക്‌സഭാ അംഗത്വം റദ്ദാക്കുകയും പാർലമെന്റിൽ നിന്നും സസ്‌പെൻഡ് ചെയ്യുകയും ചെയ്തിരുന്നു. പാർലമെന്റ്‌റി എത്തിക്‌സ് കമ്മിറ്റിയുടെ റിപ്പോർട്ട് ചോദ്യം ചെയ്ത് മഹുവ സുപ്രീം കോടതിയിൽ ഹർജി സമർപ്പിച്ചിട്ടുണ്ട്. ഇത് പരിശോധിച്ചു വരികയാണ്. നിലവിൽ കൃഷ്ണനഗർ മണ്ഡലത്തിൽ നിന്ന് സ്ഥാനാർത്ഥിയായി മത്സരിക്കാനിരിക്കുന്നതിനിടെയാണ് മഹുവയ്‌ക്ക് തിരിച്ചടിയായി സിബിഐ റെയ്ഡ് നടത്തിയത്.















