തൃശൂർ: തൃശൂരിലെ എൽഡിഎഫ് സ്ഥാനാർത്ഥി വി എസ് സുനിൽകുമാറിന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ താക്കീത്. നടൻ ടൊവിനോയുടെ ചിത്രം ദുരുപയോഗം ചെയ്തെന്ന പരാതിയിലാണ് താക്കീത് നൽകിയത്. ഇനി ഇത്തരത്തിലുള്ള സംഭവങ്ങൾ ആവർത്തിക്കരുതെന്ന നോട്ടീസാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ നൽകിയത്.
സിനിമ ലൊക്കേഷനിലെത്തി ടൊവിനോയെ കണ്ട ശേഷമായിരുന്നു സുനിൽകുമാർ അദ്ദേഹത്തിനൊപ്പമുള്ള ചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവച്ചത്. വിജയാശംസകൾ നേർന്നാണ് ടൊവിനോ യാത്രയാക്കിയതെന്നും പ്രിയ സുഹൃത്തിന്റെ സ്നേഹത്തിന് നന്ദിയെന്നുമായിരുന്നു സുനിൽകുമാർ കുറിച്ചത്.
ഇതിന് പിന്നാലെയാണ് ടൊവിനോ തന്റെ ചിത്രങ്ങൾ തിരഞ്ഞെടുപ്പ് പ്രചരണത്തിന് ഉപയോഗിക്കുന്നത് നിയമവിരുദ്ധമെന്ന് പ്രതികരണം നടത്തിയത്. ഇതോടെ സുനിൽ കുമാർ ചിത്രങ്ങൾ പിൻവലിച്ചെങ്കിലും തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി ലഭിച്ചിരുന്നു. ആ പരാതിയിലാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ നടപടി സ്വീകരിച്ചത്.