ബെംഗളൂരു: രാമേശ്വരം കഫേ സ്‌ഫോടന കേസിലെ രണ്ട് പ്രതികളുടെയും യഥാർത്ഥ ചിത്രങ്ങൾ പുറത്ത് വന്നു. ശിവമോഗ തീർത്ഥഹള്ളി സ്വദേശികളായ മുസാവിർ ഹുസൈൻ ഷാജിബ്, അബ്ദുൾ മാത്തേരൻ താഹ എന്നിവരുടെ ചിത്രങ്ങളാണ് അന്വേഷണ സംഘത്തിന് ലഭിച്ചത്.
രണ്ട് ഭീകരരും ശിവമോഗയിലെ ഐഎസ് മൊഡ്യൂളിലുള്ളവരാണെന്ന് എൻഐഎ സ്ഥിരീകരിച്ചു. സ്‌ഫോടനത്തിന് മുമ്പും ശേഷവും ഇവർ ചെന്നൈയിലും ആന്ധ്രയിലെ നെല്ലൂരിലും ഒളിവിൽ കഴിഞ്ഞതായാണ് വിവരം. ഹോട്ടലിൽ എത്തി ഐഇഡി സ്ഥാപിച്ചയാളെ തിരിച്ചറിഞ്ഞതായാണ് സൂചന.
തൊപ്പിയും മുഖംമൂടിയും കണ്ണടയും ധരിച്ച് കഫേയിലേക്ക് പ്രവേശിക്കുന്നയാളുടെ ചിത്രം എൻഐഎ പുറത്ത് വിട്ടിരുന്നു. പ്രതികളെ കുറിച്ച് വിവരം നൽകുന്നവർക്ക് 10 ലക്ഷം രൂപ പാരിതോഷികവും പ്രഖ്യാപിച്ചിട്ടുണ്ട്.
മാർച്ച് 1ന് ഉച്ചയോടെയാണ് വൈറ്റ്ഫീൽഡിലെ കഫേയിൽ സ്‌ഫോടനമുണ്ടായത്. ഹോട്ടലിലെ ജീവനക്കാരായ മൂന്നുപേരുൾപ്പെടെ പത്ത് പേർക്കാണ് പരിക്കേറ്റത്. ഭക്ഷണം കഴിക്കാനെന്ന വ്യാജേന എത്തിയ ആൾ ഉപേക്ഷിച്ച ബാഗിലായിരുന്നു സ്‌ഫോടക വസ്തു ഉണ്ടായിരുന്നത്. സംഭവസ്ഥലത്ത് നിന്ന് ഐഇഡിയുടെ അവശിഷ്ടങ്ങൾ കണ്ടെടുത്തിരുന്നു. സ്ഫോടനം നടന്ന് ഒരാഴ്ചയ്‌ക്ക് ശേഷം കനത്ത സുരക്ഷയിലാണ് രാമേശ്വരം കഫേ വീണ്ടും തുറന്നത്