ചെന്നൈ; കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ വിജയത്തിന്റെ വക്കിലെത്തി പൊരുതി വീണ് സൺറൈസേഴ്സ് ഹൈദരാബാദ്. കൊൽക്കത്ത ഉയർത്തിയ 209 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ സൺറൈസേഴ്സിന്റെ മറുപടി 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 204 റൺസിൽ ഒതുങ്ങി.
29 പന്തിൽ 63 റൺസെടുത്ത ഹെൻ റിച്ച് ക്ലാസൻ സൺറൈസേഴ്സിനെ വിജയതീരത്തെത്തിക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. എട്ട് സിക്സറുകൾ അടങ്ങുന്നതായിരുന്നു ക്ലാസന്റെ പ്രകടനം. മായങ്ക് അഗർവാളും അഭിഷേക് ശർമ്മയും മികച്ച തുടക്കമാണ് സൺറൈസേഴ്സിന് നൽകിയത്. ഇരുവരും 32 റൺസ് വീതമെടുത്തു. അവസാന നാല് ഓവറുകളിൽ 71 റൺസാണ് അടിച്ചെടുത്തത്.
കൊൽക്കത്തയ്ക്ക് വേണ്ടി ഹർഷിദ് റാണ മൂന്ന് വിക്കറ്റുകളും ആേ്രന്ദ റസൽ രണ്ട് വിക്കറ്റുകളും നേടി. ടോസ് നേടിയ സൺറൈസേഴ്സ് കൊൽക്കത്തയെ ബാറ്റിംഗിന് വിടുകയായിരുന്നു. ഓപ്പണർ ഫിൽ സാൾട്ടിന്റെയും (40 പന്തിൽ 54 റൺസ്) ആേ്രന്ദ റസ്സലിന്റെയും (25 പന്തിൽ 64) അർദ്ധസെഞ്ചുറികളുടെ മികവിലാണ് കൊൽക്കത്തയുടെ സ്കോർ 200 കടന്നത്. രമൺദീപ് സിംഗ് 17 പന്തിൽ 35 റൺസും റിങ്കു സിംഗ് 15 പന്തിൽ 23 റൺസും നേടി.
സൺറൈസേഴ്സിന് വേണ്ടി നടരാജൻ മൂന്ന് വിക്കറ്റുകളും മായങ്ക് രണ്ട് വിക്കറ്റുകളും നേടി.