ന്യൂഡൽഹി: ഇന്ത്യയുടെ ബുള്ളറ്റ് ട്രെയിൻ പദ്ധതി നിർമ്മാണം പുരോഗമിക്കുന്നുവെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. മുംബൈ മുതൽ അഹമ്മദാബാദ് വരെയുള്ള ആദ്യ ഇടനാഴിയാണ് ഇതെന്നും ഇടനാഴിക്ക് സമ്പദ്‌വ്യവസ്ഥയ്‌ക്ക് ഊർജ്ജം പകരാൻ സധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ബുള്ളറ്റ് ട്രെയിൻ പദ്ധതി സമ്പദ് വ്യവസ്ഥയെ സംയോജിപ്പിക്കും. മുംബൈ, താനെ, വാപി, ബറോഡ, സൂറത്ത്, ആനന്ദ്, അഹമ്മദാബാദ് തുടങ്ങിയ പ്രഘധാന നഗരങ്ങളെയും വ്യവസായിക പ്രാധാന്യമുള്ള ഇടങ്ങളെയും ഒരു സമ്പദ് വ്യവസ്ഥയുടെ കുടക്കീഴിലെത്തിക്കാൻ സാധിക്കും. മുംബൈ-അഹമ്മദാബാദ് ഇടനാഴി ക്രമാനുഗതമായ പുരോഗതി കൈവരിക്കുകയാണ്. 2021 നവംബറിൽ ആരംഭിച്ച പണി 2023 ഏപ്രിൽ ആയപ്പോഴേക്കും 50 കിലോമീറ്റർ നിർമ്മാണം പൂർത്തീകരിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 1.08 ലക്ഷം കോടി രൂപയാണ് പദ്ധതി ചെലവ്.
ബുള്ളറ്റ് ട്രെയിൻ പദ്ധതിയിൽ കൂടുതൽ നഗരങ്ങളെ ബന്ധിപ്പിക്കുന്ന ശൃംഖല തന്നെയാണ് റെയിൽവേ മന്ത്രാലയത്തിന്റെ പരിഗണനയിലുള്ളത്. ഡൽഹി-വാരാണസി, ഡൽഹി-അഹമ്മദാബാദ്, മുംബൈ-നാഗ്പൂർ, മുംബൈ-ഹൈദരാബാദ്, ചെന്നൈ- മൈസൂർ, ഡൽഹി- ചണ്ഡീഗഡ്-അമൃത്സർ, വാരണാസി-ഹൗറ എന്നിങ്ങനെ ഏഴ് ഇടനാഴികളാണ് നിലവിൽ പരിഗണനയിലുള്ളതെന്ന് നേരത്തെ അറിയിച്ചിരുന്നു.















