ന്യൂഡൽഹി: നാലാം ഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്തുവന്നിട്ടും സസ്പെൻസ് തുടർന്ന് കോൺഗ്രസ്. 45 മണ്ഡലങ്ങളിലേക്കുള്ള പട്ടികയാണ് പുറത്തുവിട്ടതെങ്കിലും അമേഠിയിലും റായ്ബറേലിയിലും സ്ഥാനാർത്ഥികളെ കണ്ടെത്താൻ കേൺഗ്രസ് നേതൃത്വത്തിന് കഴിഞ്ഞിട്ടില്ല.
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വാരാണാസിയിൽ ഉത്തർപ്രദേശ് പിസിസി അദ്ധ്യക്ഷൻ അജയ് റായ് ആകും കോൺഗ്രസ് ടിക്കറ്റിൽ മത്സരിക്കുക. തുടർച്ചയായി മൂന്നാം തവണയാണ് മോദിക്കെതിരെ മത്സരിക്കുന്നത്. ഉത്തർപ്രദേശിലെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് തുടങ്ങിയെങ്കിലും അമേഠിയിലും റായബറേലിയിലും ഗാന്ധി കുടുംബം മത്സരിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നുവെങ്കിലും ഈ മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിട്ടില്ല.
2019-ൽ രാഹുലിനെ അട്ടിമറി വിജയത്തിലൂടെ സ്മൃതി ഇറാനി തോൽപ്പിച്ചതിന്റെ ഭയമാണോ സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കാത്തതെന്ന പരിഹാസം രാജ്യത്തിന്റെ വിവിധ കോണിൽ നിന്നും ഉയരുന്നുണ്ട്. രാഹുൽ വീണ്ടും അമേഠിയിൽ നിന്ന് ജനവിധി തേടിയേക്കുമെന്നാണ് റിപ്പോർട്ട്. പ്രിയങ്ക ഗാന്ധി റായ്ബറേലിയിൽ നിന്ന് രാഷ്‌ട്രീയ അരങ്ങേറ്റം കുറിക്കുമെന്നാണ് മറ്റൊരു പ്രവചനം. അഞ്ച് തവണ തുടർച്ചയായി മുൻ കോൺഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധി ജയിച്ച മണ്ഡലമാണ് റായ്ബറേലി.
മധ്യപ്രദേശിലെ രാജ്ഗഡിൽ നിന്നും ദിഗ് വിജയ് സിങ് ജനവിധി തേടും. തമിഴ്നാട്ടിലെ ശിവഗംഗയിൽ നിന്ന് കാർത്തി ചിദംബരം മത്സരിക്കും. അസം, ആൻഡമാൻ, ഛത്തീസ്ഗഡ്, മധ്യപ്രദേശ്, മഹാരാഷ്‌ട്ര, മണിപ്പൂർ, മിസോറം, രാജസ്ഥാൻ, തമിഴ്നാട്, ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, ബംഗാൾ എന്നീ സംസ്ഥാനങ്ങളിലെ 46 സ്ഥാനാർത്ഥികളെയാണ് നാലാം ഘട്ടത്തിൽ പ്രഖ്യാപിച്ചിരിക്കുന്നത്.















