തിരുവനന്തപുരം: വിശുദ്ധ വാരാചരണത്തിന് തുടക്കം കുറിച്ച് ക്രൈസ്തവ വിശ്വാസികൾ ഇന്ന് ഓശന ഞായർ ആചരിക്കുന്നു. യേശു ക്രിസ്തു കഴുതപ്പുറത്തേറി ജറുസലേമിലേക്ക് പ്രവേശിച്ചതിന്റെ ഓർമ്മകൾ പുതുക്കുന്ന ദിനമാണ് ഓശാന ഞായർ.
പീഡാനുഭവ വാരത്തിന്റെ തുടക്കമാണ് ഓശാന ഞായർ. കുരുത്തോല വെഞ്ചരിപ്പും പ്രാർത്ഥനയുമാണ് ഈ ദിവസത്തെ പ്രധാന ചടങ്ങുകൾ. നാടെങ്ങുമുളള ക്രൈസ്തവ ദേവാലയങ്ങളിൽ ആയിരക്കണക്കിന് വിശ്വാസികൾ പ്രാർത്ഥനകളിൽ പങ്കെടുത്തു
സിറോ മലബാർ സഭയുടെ തലവനും, മേജർ ആർച്ച് ബിഷപ്പുമായ മാർ റാഫേൽ തട്ടിൽ, മാനന്തവാടി നടവയൽ ഹോളി ക്രോസ് മേജർ ആർക്കി എപ്പിസ്കോപ്പൽ ദേവാലയത്തിൽ ഓശാന ശുശ്രൂഷകൾക്ക് നേതൃത്വം നൽകി. ലത്തീൻ സഭയിൽ, വരാപ്പുഴ അതിരൂപതാ ആർച്ച് ബിഷപ്പ് ജോസഫ് കളത്തിപ്പറന്പിൽ എറണാകുളം സെന്‍റ് ഫ്രാൻസിസ് അസീസി കത്തീട്രലിൽ ചടങ്ങുകളിൽ പങ്കെടുത്തു. കുരുത്തോല ആശിർവാദവും പ്രദക്ഷിണവും നടന്നു.