കോട്ടയം: മനുഷ്യനേക്കാൾ മൃഗങ്ങൾക്ക് പ്രാധാന്യം നൽകുന്നതായി സിറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ. ഓശാന ഞായറിനോടനുബന്ധിച്ച് വിശ്വാസികൾക്ക് നൽകിയ സന്ദേശത്തിലാണ് അദ്ദേഹം ഇക്കാര്യം പരാമർശിച്ചത്.
മനുഷ്യനേക്കാൾ കാട്ടുമൃഗത്തിന് പ്രാധാന്യം കൊടുക്കുന്നുണ്ടോ എന്ന് സംശയമാണ്. ചില നിലപാടുകൾ കാണുമ്പോൾ അങ്ങനെയാണ് തോന്നുന്നതെന്നും അദ്ദേഹം പറഞ്ഞു. കുടിയേറ്റക്കാർ കള്ളന്മാരല്ലെന്നും കാട്ടുമൃഗ ആക്രമണങ്ങളിൽ മരിച്ചവർക്കായി വിശുദ്ധവാരത്തിൽ സഭ പ്രാർത്ഥിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
വന്യജീവി ആക്രമണങ്ങൾ പതിവാകുന്ന സാഹചര്യത്തിൽ സർക്കാരിനെ അതിരൂക്ഷമായി വിമർശിച്ച് സിറോ മലബാർ സഭ രംഗത്ത് എത്തിയിരുന്നു. ശാശ്വത പരിഹാരം വൈകുന്നത് സർക്കാരിന്റെ നിസംഗതയാണെന്നായിരുന്നു ബിഷപ്പ് മാർ റഫേൽ തട്ടിൽ പരാമർശിച്ചത്. വന്യജീവി ആക്രമണങ്ങളിൽ മനുഷ്യ ജീവൻ നഷ്ടമാകുന്നത് അംഗീകരിക്കാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.
കഴിഞ്ഞ കുറച്ച് നാളുകളായി മലയോര മേഖലയിൽ വന്യമൃഗ ശല്യം രൂക്ഷമാണ്. സാധാരണക്കാരായ നിരവധി പേർക്കാണ് മൃഗങ്ങളുടെ ആക്രമണങ്ങളിൽ ജീവഹാനി സംഭവിച്ചത്. ഇതിനെതിരെ വ്യാപക പ്രതിഷേധമാണ് വിവിധ ഭാഗങ്ങളിൽ നിന്ന് ഉയർന്നത്. ഇതിന് പിന്നാലെ വന്യജീവി ആക്രമണങ്ങളെ ചെറുക്കുന്നതിൽ വനം വകുപ്പും സർക്കാരും യാതൊരുവിധ നടപടികളും സ്വീകരിക്കുന്നില്ലെന്ന ആക്ഷേപവും രൂക്ഷമാണ്. ഈ സാഹചര്യത്തിലാണ് ആർച്ച് ബിഷപ്പിന്റെ പരാമർശം.















