പത്തനംതിട്ട: തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ചട്ടലംഘനം നടത്തിയതിന് പത്തനംതിട്ട എൽഡിഎഫ് സ്ഥാനാർത്ഥി തോമസ് ഐസക്കിനോട് വിശദീകരണം തേടി ജില്ലാ കളക്ടർ. സർക്കാർ സംവിധാനങ്ങൾ ഉപയോഗിച്ച് തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നുവെന്ന പരാതിയിലാണ് നടപടി. മൂന്ന് ദിവസത്തിനകം വിശദീകരണം നൽകാനാണ് കളക്ടർ നിർദ്ദേശം നൽകിയിരിക്കുന്നത്.
കുടുംബശ്രീ, ഹരിതസേന, കെ. ഡിസ്‌ക് തുടങ്ങിയവയെ പ്രചാരണത്തിനായി ദുരുപയോഗം ചെയ്തു എന്നാണ് ആരോപണം. കുടുംബശ്രീ വഴി വായ്പ വാഗ്ദാനം, കെ ഡിസ്‌ക് വഴി തൊഴിൽ ദാന പദ്ധതി എന്നിവയായിരുന്നു തോമസ് ഐസക്കിന്റെ വാഗ്ദാനങ്ങൾ. സംഭവത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷനും പരാതി നൽകിയിട്ടുണ്ട്.
നടൻ ടൊവിനോ തോമസിന്റെ ചിത്രം ദുരുപയോഗം ചെയ്‌തെന്ന പരാതിയിൽ തൃശൂരിലെ എൽഡിഎഫ് സ്ഥാനാർത്ഥി വി എസ് സുനിൽകുമാറിന് കഴിഞ്ഞ ദിവസം തെരഞ്ഞെടുപ്പ് കമ്മീഷന്റെ താക്കീത് കിട്ടിയിരുന്നു. സിനിമ ലൊക്കേഷനിലെത്തി ടൊവിനോയെ കണ്ട ശേഷമായിരുന്നു സുനിൽകുമാർ അദ്ദേഹത്തിനൊപ്പമുള്ള ചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവച്ചത്.
കഴിഞ്ഞ ദിവസം തോമസ് ഐസക്ക് നടത്തിയ നടത്തിയ ക്രൈസ്തവ വിരുദ്ധ പ്രസ്താവനയും വിവാദമായിരുന്നു. മുസ്ലിം മഹല്ല് കമ്മിറ്റി സംഘടിപ്പിച്ച സിഎഎ വിരുദ്ധ സമ്മേളനത്തിൽ പങ്കെടുത്ത കാര്യം അറിയിക്കുന്ന ഫേസ്ബുക്ക് പോസ്റ്റിലാണ് തോമസ് ഐസക്ക് വിവാദ പരാമർശം നടത്തിയത്.
ഫാ. ജോസഫ് ആറ്റുച്ചാലിനെ വാഹനം ഇടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തെ കേവലം ”കാറ് തട്ടി”, എന്നാണ് ഐസക്ക് പരാമർശിച്ചത്. സാരമായ പരിക്കൊന്നും ഉണ്ടായില്ലെന്ന് ഉറപ്പിച്ചു പറയുന്ന ഐസക്ക്, വൈദികനെ കൊലപ്പെടുത്താൻ ശ്രമിച്ച സംഭവം കേട്ട് ഓടിക്കൂടിയ വിശ്വാസികളെ ”നിക്ഷിപ്ത താത്പര്യക്കാരെന്ന് ചാപ്പകുത്തുകയും ചെയ്തിരുന്നു. തെരഞ്ഞെടുപ്പ് മുന്നിൽകണ്ട് ക്രൈസ്തവരെ പ്രതിസ്ഥാനത്ത് നിർത്തുന്ന തോമസ് ഐസക്ക്, ഈരാറ്റുപേട്ടയിലെ മുസ്ലിം വോട്ടുകൾ ലക്ഷ്യമിട്ടാണ് ഇത്തരം കുപ്രചരണം നടത്തുന്നതെന്നാണ് വിമർശനം.















