മുംബൈ: ഇന്ത്യൻ നാവികസേന സാഹസികമായി പിടികൂടിയ 35 സൊമാലിയൻ കടൽക്കൊള്ളക്കാർ 10 ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ. മുംബൈ സെഷൻസ് കോടതിയാണ് കടൽക്കൊള്ളക്കാരെ കസ്റ്റഡിയിൽ വിട്ടത്. ഇന്നലെ മുംബൈയിലത്തിച്ച ഇവരെ പിന്നീട് പൊലീസിന് കൈമാറി. ഇതാദ്യമായാണ് ഇത്രയധികം കടൽക്കൊള്ളക്കാരെ നാവികസേന പിടികൂടുന്നത്.
ഇന്ത്യൻ യുദ്ധക്കപ്പൽ ഐ.എൻ.എസ്. കൊൽക്കത്തയാണ് കൊള്ളക്കാർ റാഞ്ചിയ എം.വി. റുവൻ എന്ന കപ്പൽ തടഞ്ഞു നിർത്തി കടൽക്കൊള്ളക്കാരെ പിടികൂടിയത്. മാർച്ച് 15-ന് തുടങ്ങി 40 മണിക്കൂറോളം നീണ്ടതായിരുന്നു ദൗത്യം. കൊള്ളക്കാർ എം.വി. റുവൻ കപ്പലിലുണ്ടെന്ന സന്ദേശം ലഭിച്ചതിനെത്തുടർന്നാണ് ഐ.എൻ.എസ്. കൊൽക്കത്ത കപ്പലിനെ പിന്തുടർന്നത്. കൊള്ളക്കാർ ഉടൻ സൊമാലിയൻ തീരത്തേക്ക് മടങ്ങിയെങ്കിലും പാതിവഴിയിൽ നാവികസേന പിടികൂടുകയായിരുന്നു.
ഇവർ സഞ്ചരിച്ചിരുന്ന കപ്പൽ പരിശോധിക്കണമെന്ന് ഇന്ത്യൻ നാവികസേന ആവശ്യപ്പെട്ടപ്പോൾ കടൽക്കൊള്ളക്കാർ നാവികർക്കുനേരെ വെടിയുതിർത്തു. എന്നാൽ കൊളളക്കാർ റാഞ്ചിയ കപ്പിൽ സാങ്കേതിക വിദ്യയുടെ സഹായത്തോടെ പ്രവർത്തന രഹിതമാക്കിയതോടെ ഇവർ കീഴടങ്ങാൻ നിർബന്ധിതമാകുകയായിരുന്നു. വ്യോമസേനയുടെ സഹായത്തോടെ മറൈൻ കമാൻഡോകൾ കൊള്ളക്കാരുടെ കപ്പലിന് സമീപം പാരച്യൂട്ടുകളിൽ ഇറങ്ങിയാണ് അവരെ കീഴടക്കിയത്. ഇന്ത്യൻ നാവികസേനയുടെ പി-81 യുദ്ധവിമാനം, ഹെലികോപ്റ്ററുകൾ, ഡ്രോണുകൾ എന്നിവയുടെ സഹായത്തോടെയാണ് 40 മണിക്കൂറോളം നീണ്ട ദൗത്യം പൂർത്തിയാക്കിയത്.
കടൽക്കൊള്ളക്കാർ പിടികൂടിയ കപ്പലിലെ 17 ജീവനക്കാരെയാണ് നാവികസേന രക്ഷപ്പെടുത്തിയത്. കൊള്ളക്കാർ റാഞ്ചിയ കപ്പൽ പൂർണമായും പരിശോധിച്ചശേഷമാണ് വിട്ടുകൊടുത്തത്. കഴിഞ്ഞ ഡിസംബർ 14-നാണ് കടൽക്കൊള്ളക്കാർ എം.വി. റുവൻ എന്ന കപ്പൽ റാഞ്ചിയത്.















