ന്യൂഡൽഹി: എല്ലാ ഭാരതീയർക്കും ഹോളി ആശംസകൾ അറിയിച്ച് രാഷ്‌ട്രപതി ദ്രൗപദി മുർമു. എക്സിലൂടെയാണ് രാഷ്‌ട്രപതി ആശംസകൾ അറിയിച്ചത്. രാജ്യത്തിനകത്തും പുറത്തുമുള്ള എല്ലാ ഭാരതീയർക്ക് ഹോളി ആശംസകൾ നേരുന്നുവെന്ന് രാഷ്‌ട്രപതി എക്സിൽ കുറിച്ചു.
“ഹോളി ആഘോഷം നമ്മുടെ ജീവിതത്തിൽ പ്രതീക്ഷയും ഉന്മേഷവും പകരുന്നു. ഹോളിയിൽ നാം ഉപയോഗിക്കുന്ന വർണങ്ങൾ രാജ്യത്തിന്റെ വൈവിധ്യത്തെ പ്രതീകപ്പെടുത്തുന്നു. സ്നേഹത്തെ അടയാളപ്പെടുത്തുന്നതാണ് ഈ ഉത്സവം. എല്ലാവർക്കുമിടയിൽ ഐക്യവും സാഹോദര്യവും നിലനിൽക്കട്ടെ. രാജ്യത്തിന്റെ സംസ്കാരം നിലനിർത്താൻ ഹോളി നമ്മെ പ്രചോദിപ്പിക്കും.
നിറങ്ങളുടെ ഈ ഉത്സവം എല്ലാവരുടെ ജീവിതത്തിലും സന്തോഷം കൊണ്ടുവരട്ടെയെന്നും ഈ ആഘോഷം രാഷ്‌ട്ര നിർമാണത്തിനായി രാജ്യത്തെ യുവാക്കളെ പ്രേരിപ്പിക്കട്ടെയെന്നും രാഷ്‌ട്രപതി എക്സിൽ കുറിച്ചു.
ഭഗവാൻ ശ്രീകൃഷണന്റെയും രാധയുടെയും പ്രണയത്തെ ആദരിക്കുന്നതാണ് ഓരോ ഹോളി ആഘോഷങ്ങളും. മറ്റൊരു ഐതിഹ്യമനുസിരച്ച്, ഹോളിക എന്ന അസുരന്റെ വധത്തിന് ശേഷമുള്ള ആഘോഷമായും ഹോളിയെ കണക്കാക്കുന്നു. തിന്മയ്‌ക്ക് മേലുള്ള നന്മയുടെ വിജയത്തെ സൂചിപ്പിക്കുന്ന ഹോളി ആഘോഷങ്ങൾക്ക് ഹോളിക ദഹൻ എന്ന ചടങ്ങോടെയാണ് തുടക്കമാവുന്നത്. പിന്നീട് പരസ്പരം മധുര പലഹാരങ്ങൾ വിതരണം ചെയ്യുകയും നിറങ്ങൾ വിതറുകയും ചെയ്യുന്നു.















