മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസുവിന്റെ ദുർവാശി വെടിയണമെന്നും ഇന്ത്യയുമായുള്ള നയതന്ത്ര ബന്ധം ദൃഢപ്പെടുത്തണമെന്നും ആവശ്യപ്പെട്ട് മാലദ്വീപ് മുൻ പ്രസിഡന്റ് ഇബ്രാഹിം മുഹമ്മദ് സോലിഹ്. പ്രസിഡന്റ് മുഹമ്മദ് മുയിസു ശാഠ്യം തുടർന്നാൽ വൻ പ്രതിസന്ധികൾക്ക് വഴിവയ്‌ക്കും. മാലദ്വീപിനെ സാമ്പത്തിക കടക്കെണിയിലേക്ക് തള്ളിവിടരുതെന്നും ചർച്ചകൾക്കും വിട്ടുവീഴ്ചകൾക്കും തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു. മാലദ്വീപിന് കടാശ്വാസം നൽകാൻ ഇന്ത്യയോട് മുയിസു ആവശ്യപ്പെട്ടതിന് പിന്നാലെയാണ് സോലിഹിന്റെ പരാമർശം.
ഇന്ത്യയുമായി എട്ട് ബില്യൺ കടമാണ് ഉള്ളത്. ചൈനയിൽ നിന്ന് 18 ബില്യൺ കടമാണ് മാലദ്വീപ് വാങ്ങിയിട്ടുള്ളത്. ഇത്രയും വലിയ തുക കടം നിലനിൽക്കേ ഇന്ത്യയെ ചൊടിപ്പിക്കരുതെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. എന്നാലും അയൽരാജ്യങ്ങൾ സഹായിക്കുമെന്ന ആത്മവിശ്വാസവും അദ്ദേഹം പ്രകടിപ്പിച്ചു. പിടിവാശി നിർത്തി തുറന്നുള്ള സംഭാഷണത്തിന് തയ്യാറാകണമെന്ന് അദ്ദേഹം വ്യക്തമാക്കി.
സഹായിക്കാൻ നിരവധി പേരുണ്ടെങ്കിലും മുയിസുവിന്റെ പിടിവാശി വലിയ പ്രശ്നങ്ങളിലേക്കാണ് രാജ്യത്തെ ജനങ്ങളെ തള്ളിയിടുന്നത്. ഏറെ വൈകിയാണ് മുയിസുവിന് ബുദ്ധി ഉദിച്ചത്. ഇപ്പോൾ മാത്രമാണ് മുയിസു സാഹചര്യങ്ങൾ മനസിലാക്കാൻ ശ്രമിക്കുന്നത്. സർക്കാർ പൊതുജനങ്ങളെ കബളിപ്പിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. എന്നാൽ ഇന്ത്യയുമായുള്ള ബന്ധത്തിന് വിള്ളലുണ്ടാക്കുന്ന യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നാണ് മുയിസുവിന്റെ അവകാശവാദം.
അടുത്തിടെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ഇന്ത്യയും അധിക്ഷേപിച്ച് മാലദ്വീപ് മന്ത്രിമാർ പരാമർശം നടത്തിയത്. ഇതിന് പിന്നാലെ വൻ പ്രതിഷേധങ്ങൾക്കാണ് വഴിവച്ചത്. ഇന്ത്യൻ സഞ്ചാരികൾ അധികവും എത്തിയിരുന്നത് ദ്വീപ് രാഷ്‌ട്രത്തിലേക്കായിരുന്നു. എന്നാൽ ഒറ്റ മാസം കൊണ്ട് ഇന്ത്യൻ സന്ദർശകരുടെ എണ്ണത്തിൽ വൻ ഇടിവാണ് രേഖപ്പെടുത്തിയത്. മാലദ്വീപിന്റെ സമ്പദ് വ്യവസ്ഥയ്‌ക്ക് വൻ തിരച്ചടിയാണ് ഇത് സൃഷ്ടിച്ചത്.















