റാഞ്ചി: തീപ്പാറും മത്സരത്തിന് തയ്യാറെടുത്ത് ഝാർഖണ്ഡിലെ ദുംക മണ്ഡലം. ജെഎംഎമ്മിന് വൻ തിരിച്ചടി നൽകി പാർട്ടി വിട്ട സീതാ സോറൻ ബിജെപി ടിക്കറ്റിലാണ് ജനവിധി തേടുന്നത്. സിറ്റിംഗ് എംപിയും ഝാർഖണ്ഡ് മുക്തി മോർച്ച അദ്ധ്യക്ഷനുമായ സുനിൽ സോറൻ ആണ് സീതാ സോറന്റെ പ്രധാന എതിരാളി. ജൂൺ ഒന്നിനാണ് പോളിംഗ്. 2019-ലെ തെരഞ്ഞെടുപ്പിൽ 47,590 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് സുനിൽ സോറൻ ദുംക മണ്ഡലത്തിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ടത്.
ഝാർഖണ്ഡ് മുൻ മുഖ്യമന്ത്രി ഹേമന്ത് സോറന്റെ സഹോദരഭാര്യയുമായ സീത സോറൻ പാർട്ടി വിട്ട് ബിജെപിയിൽ അംഗത്വം സ്വീകരിച്ചത്. ഭർത്താവ് ദുർഗാ സോറന്റെ മരണശേഷം താനും കുടുംബവും പാർട്ടിയിൽ നിന്ന് അവഗണന നേരിട്ടുവെന്നും അക്കാരണത്താലാണ് പാർട്ടി വിട്ടതെന്നും സീതാ പറഞ്ഞിരുന്നു. 14 വർഷത്തോളം ജെഎംഎമ്മിനായി പ്രവർത്തിച്ച ആളായിരുന്നു സീതാ സോറൻ. മൂന്ന് തവണ ജെഎംഎം എംഎൽഎ ആയിരുന്ന സീതാ സോറൻ പാർട്ടിയുടെ ദേശീയ ജനറൽ സെക്രട്ടറിയുമായിരുന്നു.