ഇക്വഡോർ: ഇക്വഡോറിലെ ഏറ്റവും പ്രായം കുറഞ്ഞ മേയറെയും ഒദ്യോഗിക ഉപദേശകനെയും വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. സാൻ വിൻസെന്റ് പ്രവിശ്യയിലെ മേയറായ ബ്രിജിറ്റ് ഗാർഷ്യ( 27) ആണ് കൊല്ലപ്പെട്ടത്. നിർത്തിയിട്ട കാറിനുള്ളിലാണ് ഇരുവരുടേയും മൃതദേഹം കണ്ടെത്തിയത്.
നഴ്സായിരുന്ന ബ്രിജിറ്റ് ഗാർഷ്യ ഭരണകൂടത്തിന്റെ പ്രധാന വിമർശകയായിട്ടാണ് അറിയപ്പെട്ടിരുന്നത്. മുൻ പ്രസിഡൻറ് റാഫേൽ കൊറയയുടെ സിറ്റിസൺ റെവല്യൂഷൻ മൂവ്മെന്റ് പാർട്ടിയിൽ അംഗമാണ് ഇവർ.
മനാബി പ്രവിശ്യയിൽ നിന്ന് മൃതദേഹങ്ങൾ കണ്ടെത്തിയതെന്നും ഇരുവർക്കും വെടിയേറ്റ മുറിവുകളുണ്ടെന്നും പൊലീസ് പറഞ്ഞു. വാടകയ്‌ക്കെടുത്ത കാറിനുള്ളിൽ നിന്നാണ് വെടിയുതിർത്തതെന്നും വാഹനത്തിന്റെ ജിപിഎസ് സംവിധാനം ട്രാക്ക് ചെയ്യുകയാണെന്നും പോലീസ് വ്യക്തമാക്കി.
അഴിമതിയും അരാജകത്വവും കൊടികുത്തി വാഴുന്ന ഇക്വഡോറിൽ ആക്രമങ്ങളും കൊലപാതങ്ങളും വ്യാപകമാണ്. മയക്കുമരുന്ന് കടത്തും മാഫികൾ തമ്മിലുള്ള ഏറ്റുമുട്ടലും സ്ഥിതി രൂക്ഷമാക്കി. കഴിഞ്ഞ ആഗസ്റ്റിൽ പ്രസിഡൻറ് സ്ഥാനാർത്ഥി ഫെർണാണ്ടോ വില്ലവിസെൻസ്് കൊല്ലപ്പെട്ടിരുന്നു. തെരഞ്ഞെടുപ്പിന് രണ്ടാഴ്ച മുമ്പ് ഒരു പ്രചാരണ പരിപാടിയിൽ നിന്ന് പുറത്തിറങ്ങുന്നത് ഇടയിലാണ് ആക്രമികൾ ഫെർണാണ്ടോയ്‌ക്ക് നേരെ വെടിയുതിർത്തത്.
കഴിഞ്ഞ ജനുവരിയിൽ ഒരു സംഘം ആയുധധാരികൾ രാജ്യത്തെ പ്രധാന ടിവി സ്റ്റേഷനിൽ അതിക്രമിച്ച് കയറി ജീവനക്കാരെ ബന്ദികളാക്കിയിരുന്നു. ഇതിന് പിന്നാലെ പ്രസിഡന്റ് ഡാനിയൽ നൊബോവ രാജ്യത്ത് അടിയന്തരാവസ്ഥ ഏർപ്പെടുത്തുകയും 22 ക്രിമിനൽ ഗ്രൂപ്പുകളെ തീവ്രവാദ സംഘടനകളായി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.