തിരുവനന്തപുരം: കേരളം ഭീകവാദത്തിന്റെ പ്രധാന കേന്ദ്രമായി മാറിയെന്ന് മുൻ ഡിജിപി ടി.പി സെൻകുമാർ. സംസ്ഥാനത്തെ രാഷ്‌ട്രീയ പാർട്ടികൾക്ക് ഇതൊന്നും പ്രശ്‌നമല്ലെന്നും അവർക്ക് വോട്ട് മാത്രം മതിയെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിൽ പ്രവർത്തിക്കുന്ന സമാന്തര ടെലിഫോൺ എക്‌സ്‌ചേഞ്ചുകളുടെ പാകിസ്താൻ ബന്ധത്തെ കുറിച്ച് ജനം ടിവി വാർത്ത പുറത്തു വിട്ടിരുന്നു. ഇതിന് പിന്നാലെയാണ് സെൻകുമാറിന്റെ പ്രതികരണം.
കഴിഞ്ഞ കുറച്ച് കാലമായി കേരളം ഭീകരവാദത്തിന്റെ കേന്ദ്രമായി മാറിയെന്ന് സെൻകുമാർ പറഞ്ഞു. എന്നാൽ ഇതൊന്നും ഇവിടത്തെ പ്രധാന രാഷ്‌ട്രീയ പാർട്ടികൾക്ക് പ്രശ്‌നമല്ല. കേരളം ഏത് രീതിയിലായും അവർക്ക് വോട്ട് മാത്രം മതി. തീവ്രവാദത്തിന് വേരോട്ടം ഉണ്ടെന്ന് മാത്രമല്ല സാമാന്യം വോട്ടും ലഭിക്കുന്നുണ്ടെന്നതാണ് യാഥാർത്ഥ്യം. അതുകൊണ്ടാണ് കോൺഗ്രസും സിപിഎമ്മും ഒന്നും മിണ്ടാത്തത്. സിപിഎമ്മിന്റെ നിയന്ത്രണം പോലും അവർ ഏറ്റെടുത്ത് കഴിഞ്ഞു. സിപിഎമ്മിന്റെ പ്രവർത്തനത്തിലും പ്രത്യേക മതവിഭാഗത്തിനോടുള്ള പ്രതിബദ്ധതയും വിധേയത്വവുമാണ് കാണിക്കുന്നതെന്ന് മുൻ ഡിജിപി പറഞ്ഞു
തീവ്രവാദ സ്വഭാവമുള്ള സംഭവങ്ങൾ റിപ്പോർട്ട് ചെയ്യുമ്പോഴും കേരളത്തിന്റെ ഇന്റെലിജൻസ് സംവിധാനത്തിന് അനക്കമില്ല. ഇനിയും നിയന്ത്രിച്ചില്ലെങ്കിൽ റഷ്യയിലും ശ്രീലങ്കയിലും സംഭവിച്ചത് പോലെ ഒരു ദിവസം കേരളത്തിലും സംഭവിക്കാമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
സമാന്തര ടെലിഫോൺ എക്ചേഞ്ച് കേസുകളിലെ അന്വേഷണം ഏറെ വൈകിയാണ് സംസ്ഥാന സർക്കാർ എൻഐഎയ്‌ക്ക് കൈമാറിയത്. 14 പോലീസ് സ്റ്റേഷനുകളിൽ 20 കേസുകളാണ് ഇതുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്തിട്ടുള്ളത്. സമാന്തര ടെലിഫോൺ എക്സ്ചേഞ്ചുകൾ വഴിയുള്ള ഫോൺ കോളുകൾ കൂടുതലായും നടന്നിട്ടുള്ളത് ഭീകരവാദ പ്രവർത്തനങ്ങൾക്കും, ചാരപ്രവർത്തനങ്ങൾക്കുമാണെന്ന് ഐ.ബിയും കണ്ടെത്തിയിരുന്നു. ഇത്തരം എക്സ്ചേഞ്ചുകൾ രാജ്യത്ത് പ്രവർത്തിപ്പിക്കാൻ വേണ്ട സൗകര്യങ്ങൾ പാക് ചാരസംഘടനയാണ് ഒരുക്കി നൽകുന്നതെന്നാണ് വിവരം.