ഇസ്ലാമാബാദ്: തോഷഖാന അഴിമതി കേസിൽ ജയിലിൽ കഴിയുന്ന പാകിസ്താൻ മുൻ പ്രധാനമന്ത്രിയും പിടിഐ നേതാവുമായ ഇമ്രാൻഖാനെയും ഭാര്യ ബുഷ്‌റ ബീവിയെയും കോടതിയിൽ ഹാജരാക്കാൻ ഉത്തരവ്. ഏപ്രിൽ നാലിന് ഹാജരാക്കാനാണ് ഇസ്ലാമാബാദ് സെഷൻസ് കോടതി ജഡ്ജി താഹിർ അബ്ബാസ് സിപ്ര ഉത്തരവിട്ടത്. നിലവിൽ രാഷ്‌ട്ര രഹസ്യങ്ങൾ ചോർത്തിയ സൈഫർ കേസും തോഷ്ഖാന കേസുമുൾപ്പെടെ ഇമ്രാൻനെതിരെയുണ്ട്. ഏപ്രിൽ നാലിന് കോടതിയിൽ ഹാജരാക്കിയ ശേഷം ഇരുവരുടെയും ജാമ്യാപേക്ഷ പരിഗണിച്ചേക്കും.
തോഷഖാന അഴിമതി കേസിൽ ഇമ്രാൻഖാനും ഭാര്യക്കും ഇസ്ലാമാബാദ് കോടതി 14 വർഷത്തെ തടവാണ് വിധിച്ചത്. തടവിന് പുറമെ 787 ദശലക്ഷം പാകിസ്താൻ രൂപ പിഴയും വിധിച്ചിരുന്നു. 2018 മുതൽ 2022 വരെയുള്ള കാലഘട്ടത്തിൽ പ്രധാനമന്ത്രി പദവി ദുരുപയോഗം ചെയ്ത് ഇമ്രാൻഖാനും ഭാര്യയും അഴിമതി നടത്തിയെന്നാണ് ഇവർക്കെതിരെയുള്ള കേസ്.
വിദേശ സന്ദർശനത്തിനിടെ ലഭിച്ച 140 മില്യണിലധികം വിലമതിപ്പുള്ള സമ്മാനങ്ങൾ ഇമ്രാനും ഭാര്യയും മറിച്ചു വിറ്റതായി തെരഞ്ഞെടുപ്പ് കമ്മീഷൻ കണ്ടെത്തി. സർക്കാർ ജീവനക്കാർ ഇത്തരത്തിൽ സമ്മാനങ്ങൾ വാങ്ങുമ്പോൾ വെളിപ്പെടുത്തണമെന്നും രേഖകൾ സമർപ്പിക്കണമെന്നും നിയമമുണ്ട്. എന്നാൽ നിയമം ലംഘിച്ച് ഇരുവരും ലഭിച്ച സമ്മാനങ്ങൾ വിൽക്കുകയായിരുന്നു.