മുംബൈ: മഹായൂത്തി സീറ്റ് വിഭജനത്തിൽ ചർച്ച നടത്തി മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിമാരും. ഷിൻഡെയുടെ ശിവസേനയും അജിത് പവാറിന്റെ എൻസിപിയും ബിജെപിയോട് കൂടുതൽ സീറ്റുകൾ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ബിജെപി ഇപ്പോഴത്തെ സാഹചര്യത്തിൽ സീറ്റ് അധികം നൽകാൻ കഴിയില്ലെന്ന് വ്യക്തമാക്കിയതായാണ് വിവരം.
നേരത്തെ മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ, ഉപമുഖ്യമന്ത്രിമാരായ ദേവേന്ദ്ര ഫഡ്‌നാവിസ്, അജിത് പവാർ എന്നിവർ ഡൽഹിയിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി ചർച്ച നടത്തിയിരുന്നു. നിലവിൽ 7 സീറ്റുകളിൽ മാത്രമാണ് തീരുമാനം ആകാത്തതെന്നാണ് റിപ്പോർട്ട്.
മഹാരാഷ്‌ട്ര നവനിർമാൺ സേനയും ബിജെപിയുമായി ചർച്ചകൾ നടത്തുന്നുണ്ട്. മുംബൈ സൗത്ത്, നാസിക്ക് എന്നീ രണ്ട് സീറ്റുകളെങ്കിലും ലഭിക്കുമെന്ന പ്രതീക്ഷയിലാണ് എംഎൻഎസ് നേതൃത്വം. സഖ്യ ചർച്ചകൾ ഒന്നോ രണ്ടോ ദിവസത്തിനകം പരിഹരിക്കാനാകുമെന്ന് എൻസിപി സംസ്ഥാന അദ്ധ്യക്ഷൻ സുനിൽ തക്കറെ വ്യക്തമാക്കി.