ന്യൂഡൽഹി: ഇൻഡിഗോ എയർലൈൻസിനെതിരെയുള്ള യാത്രക്കാരുടെ പരാതികൾ തുടർക്കഥയാകുന്നു. സമൂഹമാദ്ധ്യമത്തിൽ ഇൻഡിഗോ എയർലൈൻസിനോടുള്ള ശ്രങ്ക്ല ശ്രീവാസ്തവ എന്ന യാത്രക്കാരിയുടെ അമർഷമാണ് സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. എയർലൈൻ യാത്രക്കിടെ തനിക്ക് നേരിട്ട ദുരനുഭവമാണ് എക്‌സിൽ ശ്രങ്ക്ല പങ്കുവച്ചത്. ഇതിന് മറുപടിയുമായി ഇൻഡിഗോ എയർലൈനും രംഗത്തെത്തി.
യാത്രയ്‌ക്ക് ശേഷമുള്ള തന്റെ തകർന്ന ബാഗിന്റെ ചിത്രമാണ് അവർ എക്‌സിൽ പോസ്റ്റ് ചെയ്തത്. ചിത്രത്തിന് ”പ്രിയപ്പെട്ട ഇൻഡിഗോ. എന്റെ ലഗേജുകൾ പരിപാലിച്ചതിന് നന്ദി,”എന്ന പരിഹാസ രൂപേണയുള്ള അടിക്കുറിപ്പും നൽകിയിരുന്നു. സമൂഹമാദ്ധ്യമത്തിൽ പോസ്റ്റ് വൈറലായതോടെയാണ് ഇൻഡിഗോ മറുപടിയുമായി രംഗത്തെത്തിയത്. യാത്രക്കാരിയോട്് എയർലൈൻ മാപ്പുപറയുകയും വീഴ്ചയിൽ ഖേദം പ്രകടിപ്പിക്കുകയും ചെയ്തു.
”ഹായ്, നിങ്ങൾക്ക് ഉണ്ടായ അസൗകര്യത്തിൽ ഞങ്ങൾ ആത്മാർത്ഥമായി ഖേദം പ്രകടിപ്പിക്കുന്നു. വീഴ്ച പരിശോധിക്കാൻ ഞങ്ങൾക്ക് കുറച്ച് സമയം അനുവദിക്കണമെന്ന് നിങ്ങളോട് അഭ്യർത്ഥിക്കുന്നു. ഉടൻ നിങ്ങളുമായി ബന്ധപ്പെടാം.” ഇൻഡിഗോ എക്‌സിൽ കുറിച്ചു. സീറ്റിലെ തലയണകൾ നഷ്ടപ്പെട്ടത് മുതൽ സാൻവിച്ചിൽ സ്‌ക്രൂ കണ്ടെത്തിയതടക്കം ഇൻഡിഗോ വിമാനങ്ങളിലെ സംഭവങ്ങൾ സമീപകാലത്ത് വാർത്തയായിരുന്നു.















