റായ്പൂർ: സമൂഹത്തിൽ ഏതൊരു സ്ത്രീയും മാന്യത അർഹിക്കുന്നുണ്ടെന്ന് എൻഡിഎ സ്ഥാനാർത്ഥി കങ്കണ റണാവത്ത്. കോൺഗ്രസ് നേതാക്കളുടെ പരാമർശം ഏറെ വേദനിപ്പിച്ചെന്നും കങ്കണ പറഞ്ഞു. ചണ്ഡീഗഡ് വിമാനത്താവളത്തിന് പുറത്ത് മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു കങ്കണ.
‘അദ്ധ്യാപികയോ നടിയോ പത്രപ്രവർത്തകയോ ലൈംഗികത്തൊഴിലാളിയോ എന്തും ആകട്ടെ, സമൂഹത്തിൽ ഏതൊരു സ്ത്രീക്കും മാന്യമായ അംഗീകാരം ഉണ്ടാകണം. മാണ്ഡിയയിൽ മത്സരിക്കുന്ന എനിക്കെതിരെയുള്ള അധിക്ഷേപ പരാമർശം വളരെ വേദനിപ്പിക്കുന്നു. ലോകമെമ്പാടുമുള്ളവർ മാണ്ഡിയെ ‘ഛോട്ടാ കാശി’ എന്നാണ് വിളിക്കുന്നത്.
ബിജെപി അദ്ധ്യക്ഷൻ ജെപി നദ്ദ ഡൽഹിയിലേക്ക് വിളിച്ചിട്ടുണ്ട്. അദ്ദേഹത്തെ സന്ദർശിച്ചതിന് ശേഷമായിരിക്കും വ്യക്തിപരമായി അധിക്ഷേപം നടത്തിയവർക്കെതിരെ നടപടി എടുക്കുന്ന കാര്യത്തിൽ തീരുമാനം അറിയിക്കുക. എനിക്ക് എന്റെ പാർട്ടിയുടെ അഭിമാനം സംരക്ഷിക്കണം. വിഷയത്തിൽ പാർട്ടി സ്വീകരിക്കുന്ന തീരുമാനമാകും എന്റേതും.’- കങ്കണ റണാവത്ത് പറഞ്ഞു.
ബിജെപിയുടെ അഞ്ചാം സ്ഥാനാർത്ഥി പട്ടികയിലാണ് ബോളിവുഡ് നടി കങ്കണ റണാവത്തിന്റെ സ്ഥാനാർത്ഥിത്വം നിർദ്ദേശിച്ചത്. ഇതിന് പിന്നാലെയാണ് താരത്തെ അധിക്ഷേപിച്ചുകൊണ്ട് സമൂഹമാദ്ധ്യമത്തിൽ കോൺഗ്രസ് നേതാവ് സുപ്രിയ ഷ്രിനാതെ പോസ്റ്റിട്ടത്. വിഷയത്തിൽ സമൂഹമാദ്ധ്യത്തിലൂടെ കങ്കണ കഴിഞ്ഞ ദിവസം മറുപടിയും അറിയിച്ചിരുന്നു. വിഷയത്തില്‍ സുപ്രിയക്കെതിരെ നടപടി ആവശ്യപ്പെട്ട് ദേശീയ വനിതാ കമ്മീഷൻ തെരഞ്ഞെടുപ്പ് കമ്മീഷന് കത്തും അയച്ചു. മൂന്ന് ദിവസത്തിനുള്ളിൽ നടപടിയെടുക്കണമെന്നാണ് ദേശീയ വനിത കമ്മീഷന്‍റെ ആവശ്യം.















