ഷിംല: മാണ്ഡിയിലെ ബിജെപി സ്ഥാനാർത്ഥിയും നടിയുമായ കങ്കണ റണാവത്തിനെതിരെ കോൺഗ്രസ് നേതാവ് സുപ്രിയ ഷ്രിനേതിന്റെ വിവാദ ഇൻസ്റ്റഗ്രാം പോസ്റ്റ് കോൺഗ്രസിന് തന്നെ തിരിച്ചടിയാകുന്നു. പാർട്ടിയുടെ വോട്ട് ബാങ്കിനെപ്പോലും ഇത് ബാധിക്കുമെന്ന സ്ഥിതി വന്നതോടെ ജനരോഷം തണുപ്പിക്കാൻ കോൺഗ്രസ് ശ്രമം തുടങ്ങി.
കങ്കണ ഹിമാചലിന്റെ മകളാണെന്നും പിതാവ് കോൺഗ്രസ് നേതാവായിരുന്നു എന്നുമുളള പരാമർശങ്ങളോടെ മുഖ്യമന്ത്രി സുഖ് വിന്ദർ സിംഗ് സുഖു തന്നെയാണ് ഇതിന് തുടക്കമിട്ടത്. കങ്കണയുടെ മാതാപിതാക്കൾ ഹിമാചലിലാണ് ജീവിച്ചത്. പിതാവ് മാണ്ഡിയിലെ കോൺഗ്രസ് ജനറൽ സെക്രട്ടറിയായിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
മാണ്ഡി ലോക്‌സഭാ മണ്ഡലത്തിലെ സ്ഥാനാർത്ഥിയായി കങ്കണ റണാവത്തിനെ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് സംഭവങ്ങൾക്ക് തുടക്കം. കോർസെറ്റ് ടോപ്പ് ധരിച്ച കങ്കണയുടെ ചിത്രം ഉൾപ്പെടുത്തിയ പോസ്റ്റാണ് ആക്ഷേപകരമായ തരത്തിൽ സുപ്രിയ ഷ്രിനേത് പങ്കുവച്ചത്. ഇതിന് പിന്നാലെ സംഭവം വലിയ രാഷ്‌ട്രീയ വിവാദമാകുകയായിരുന്നു. ഇതോടെ സുപ്രിയ പോസ്റ്റ് പിൻവലിച്ചു.
തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ മറ്റാരൊക്കെയോ ആണ് കൈകാര്യം ചെയ്യുന്നതെന്നും അവർക്ക് അബദ്ധം പറ്റിയതാണെന്നുമായിരുന്നു സുപ്രിയയുടെ വിശദീകരണം. എന്നാൽ ഇതിന് പിന്നാലെ വലിയ തോതിൽ വിഷയം ചർച്ചയായി. സ്ഥാനാർത്ഥിത്വത്തോടെ കങ്കണയുടെ ജനപിന്തുണയും വർദ്ധിച്ചു. നടിയെ ആക്ഷേപിക്കാനും സ്ത്രീത്വത്തെ അവഹേളിക്കാനുമുളള ശ്രമമായി പലരും കോൺഗ്രസ് നേതാവിന്റെ പ്രവൃത്തിയെ വിമർശിച്ചു. ഇതോടെയാണ് കോൺഗ്രസ് നേതൃത്വം തെറ്റു തിരുത്തലിന്റെ സൂചനകൾ നൽകി മുന്നോട്ടുവരുന്നത്.
എല്ലാ സ്ത്രീകളും മാന്യത അർഹിക്കുന്നവരാണെന്നും ഏത് തൊഴിലിൽ ഏർപ്പെട്ടാലും എല്ലാ സ്ത്രീകളും ഒരു പോലെ മാന്യത അർഹിക്കുന്നുവെന്നുമായിരുന്നു കങ്കണയുടെ പ്രതികരണം.















