ചെന്നൈ; എം.എ ചിദംബരം സ്റ്റേഡിയത്തിൽ ചെന്നൈ ബാറ്റർമാർ അരങ്ങുവാണ ആദ്യ ഇന്നിംഗ്സിൽ ഗുജറാത്ത് ബൗളർമാർക്ക് മറുപടിയുണ്ടായിരുന്നില്ല. നിശ്ചിത ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 207 റൺസിന്റെ കൂറ്റൻ വിജയലക്ഷ്യമാണ് ഋതുരാജും സംഘവും ആതിഥേയർക്ക് മുന്നിൽ ഉയർത്തിയത്. രചിൻ രവീന്ദ്ര തിരികൊളുത്തിയ വെടിക്കെട്ട് പിന്നാലെയെത്തിയവർ പൂരമാക്കി മാറ്റുകയായിരുന്നു.
പവർ പ്ലേയിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 69 റൺസാണ് ചെന്നൈ അടിച്ചുകൂട്ടിയത്. അർഹിച്ച അർദ്ധ സെഞ്ച്വറിക്ക് നാലു റൺസ് അകലെ രചിൻ രാവീന്ദ്രയെ റാഷിദ് ഖാൻ വീഴത്തിയെങ്കിലും ക്യാപ്റ്റൻ ഋതുരാജും ക്രീസിലെത്തിയ രഹാനെയും റൺറേറ്റ് താഴാതെ നോക്കി. വലിയൊരു ഇന്നിംഗ്സ് കാഴ്ചവയ്‌ക്കാനാകാതെ രഹാനെയും(12) മടങ്ങിയെങ്കിലും സായ് കിഷോറിന്റെ അതേ ഓവറിൽ തുടരെ രണ്ടു സിക്സുകൾ പറത്തിയാണ് ദുബെ നിലപാട് വ്യക്തമാക്കിയത്.
12-ാം ഓവറിൽ സ്പെൻസർ ജോൺസന് വിക്കറ്റ് നൽകി ക്യാപ്റ്റൻ ഋതുരാജും(46) കൂടാരം കയറി. ആക്രമണം നയിച്ച ദുബെ 23 പന്തിൽ 5 സിക്സിന്റെ അകമ്പടിയോടെ 51 റൺസ് നേടി. അരങ്ങേറ്റക്കാരൻ സമീർ റിസ്വിയുടെ കാമിയോ എൻട്രിയും ചെന്നൈ സ്കോർ 200 കടത്തുന്നതിൽ നിർണായകമായി. താരം ആറു പന്തിൽ 14 റൺസടിച്ചാണ് പുറത്തായത്. ഡാരിൽ മിച്ചൽ (24) അവസാന പന്തിൽ റണ്ണൗട്ടായി. ജഡേജ (3) പുറത്താകാതെ നിന്നു. റാഷിദ് ഖാന് രണ്ടു വിക്കറ്റ് ലഭിച്ചപ്പോൾ സായി കിഷോർ, സ്പെൻസർ ജോൺസൺ മോഹിത് ശർമ്മ എന്നിവർക്ക് ഓരോ വിക്കറ്റ് വീതവും ലഭിച്ചു. നാലോവറിൽ 49 റൺസ് വഴങ്ങിയാണ് റാഷിദ് ഖാൻ രണ്ടു വിക്കറ്റെടുത്തത്.