തൃശൂർ: കലാമണ്ഡലത്തിൽ നൃത്തം അവതരിപ്പിച്ച് ആർഎൽവി രാമകൃഷ്ണൻ. കലാമണ്ഡലത്തിലെ വിദ്യാർത്ഥി യൂണിയനാണ് കൂത്തമ്പലത്തിൽ നൃത്തം അവതരിപ്പിക്കാനുള്ള വേദി ഒരുക്കി നൽകിയത്. ജൂനിയർ സത്യഭാമ വർണവിവേചനം നടത്തിയതിനെതിരെ ആർഎൽവി രാമകൃഷ്ണന് പിന്തുണയറിയിച്ചാണ് മോഹിനിയാട്ടം അവതരിപ്പിക്കാൻ കലാമണ്ഡലത്തിലേക്ക് ക്ഷണിച്ചത്.
കലാമണ്ഡലത്തിൽ ചിലങ്ക കെട്ടിയാടാൻ കഴിഞ്ഞത് സ്വപ്ന സാക്ഷാത്കാരമാണെന്ന് ആര്‍എല്‍വി രാമകൃഷ്ണൻ പറഞ്ഞു. അദ്ധ്യാപകരും വിദ്യാർത്ഥികളും അടങ്ങുന്ന നിറഞ്ഞ സദസ്സിലായിരുന്നു രാമകൃഷ്ണൻ മോഹിനിയാട്ടം അവതരിപ്പിച്ചത്. കൂത്തമ്പലത്തിൽ ചിലങ്ക കെട്ടണമെന്ന രണ്ടു പതിറ്റാണ്ടായുള്ള രാമകൃഷ്ണന്‍റെ സ്വപ്നം കൂടിയായിരുന്നു ഇന്ന് സാക്ഷാത്കരിച്ചത്.
മോഹനനല്ല, മോഹിനിയാണ് മോഹിനിയാട്ടം അവതരിപ്പിക്കേണ്ടത്, കറുത്ത നിറമുള്ളവർ നൃത്ത മത്സരങ്ങളിൽ പങ്കെടുക്കേണ്ട തുടങ്ങി നിരവധി അധിക്ഷേപ പരാമർശങ്ങളായിരുന്നു സത്യഭാമ രാമകൃഷ്ണനെതിരെ ഉയർത്തിയത്.