ന്യൂഡൽഹി: ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെ.പി നദ്ദയുമായി കൂടിക്കാഴ്ച നടത്തി നടിയും എൻഡിഎ മാണ്ഡി മണ്ഡലം സ്ഥാനാർത്ഥിയുമായ കങ്കണ റണാവത്ത്. ഡൽഹിയിലെ ജെ.പി നദ്ദയുടെ വസതിയിൽ വച്ചായിരുന്നു ഇരുവരുടെയും കൂടിക്കാഴ്ച. മാണ്ഡി മണ്ഡലത്തിന്റെ വികസനത്തിന് വേണ്ടി പ്രയത്‌നിക്കുമെന്ന് കങ്കണ റണാവത്ത് കൂടിക്കാഴ്ചയ്‌ക്ക് ശേഷം എക്‌സിൽ കുറിച്ചു.
‘ദേശീയ അദ്ധ്യക്ഷൻ ജെ.പി നദ്ദയുമായി കൂടിക്കാഴ്ച നടത്തി. അദ്ദേഹത്തിന്റെ മാർഗനിർദേശത്തിനും പിന്തുണയ്‌ക്കും നന്ദി. ഞാൻ ജനവിധി തേടുന്ന മാണ്ഡി മണ്ഡലത്തിന്റെ പുരോഗതിക്കും വികസനത്തിനും വേണ്ടി പ്രയത്‌നിക്കും. ജയ് ഹിന്ദ്.’ കങ്കണ റണാവത്ത് എക്‌സിൽ കുറിച്ചു. ഹിമാചൽ പ്രദേശിലെ മാണ്ഡി ലോക്സഭാ മണ്ഡലത്തിൽ നിന്നാണ് കങ്കണ റണാവത്ത് ബിജെപി സ്ഥാനാർത്ഥിയായി ലോക്‌സഭയിലേക്ക് മത്സരിക്കുന്നത്.
സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചതിന് പിന്നാലെ കങ്കണയെ അധിക്ഷേപിച്ച് കോൺഗ്രസ് നേതാവ് സുപ്രിയ ശ്രീനേത് രംഗത്തെത്തിയിരുന്നു. കോർസെറ്റ് ടോപ്പ് ധരിച്ച കങ്കണയുടെ ചിത്രം ഉൾപ്പെടുത്തിയ പോസ്റ്റാണ് ആക്ഷേപകരമായ തരത്തിൽ സുപ്രിയ പങ്കുവച്ചത്. ഇതിന് പിന്നാലെ പോസ്റ്റ് വിവാദമാകുകയും വിമർശനങ്ങൾക്ക് വഴിവക്കുകയും ചെയ്തതോടെ സുപ്രിയ പോസ്റ്റ് പിൻവലിച്ചിരുന്നു.
തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ മറ്റാരൊക്കെയോ ആണ് കൈകാര്യം ചെയ്യുന്നതെന്നും അവർക്ക് അബദ്ധം പറ്റിയതാണെന്നുമാണ് സുപ്രിയ പറഞ്ഞത്.
എന്നാൽ ഇതിന് പിന്നാലെ വലിയ തോതിൽ വിഷയം ചർച്ചയായി. സ്ഥാനാർത്ഥിത്വത്തോടെ കങ്കണയുടെ ജനപിന്തുണയും വർദ്ധിച്ചു. നടിയെ ആക്ഷേപിക്കാനും സ്ത്രീത്വത്തെ അവഹേളിക്കാനുമുളള ശ്രമമായി പലരും കോൺഗ്രസ് നേതാവിന്റെ പ്രവൃത്തിയെ വിമർശിച്ചു.
എല്ലാ സ്ത്രീകളും മാന്യത അർഹിക്കുന്നവരാണെന്നും ഏത് തൊഴിലിൽ ഏർപ്പെട്ടാലും എല്ലാ സ്ത്രീകളും ഒരു പോലെ മാന്യത അർഹിക്കുന്നുവെന്നുമായിരുന്നു സംഭവത്തിൽ കങ്കണയുടെ പ്രതികരണം.