ന്യൂഡൽഹി : പണം കുത്തി നിറച്ച വാഷിംഗ് മെഷീന്റെ ചിത്രമാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ പ്രചരിക്കുന്നത് . വിദേശനാണ്യ വിനിമയ ലംഘനം ആരോപിച്ച് വിവിധ നഗരങ്ങളിൽ നടത്തിയ പരിശോധനയ്‌ക്കിടെയായിരുന്നു ഇങ്ങനെയൊരു കാഴ്‌ച്ച . ചൊവ്വാഴ്ച നടന്ന റെയ്ഡിൽ ‘കണക്കില്ലാത്ത’ 2.54 കോടി രൂപയാണ് പിടിച്ചെടുത്തത് .
കാപ്രിക്കോർണിയൻ ഷിപ്പിംഗ് ആൻഡ് ലോജിസ്റ്റിക്‌സ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയിലും , അതിന്റെ ഡയറക്ടർമാരായ വിജയ് കുമാർ ശുക്ല, സഞ്ജയ് ഗോസ്വാമി തുടങ്ങിയവരുടെ ഓഫീസുകളിലും പരിശോധന നടത്തിയതായി ഇഡി പ്രസ്താവനയിൽ പറഞ്ഞു. ലക്ഷ്മിടൺ മാരിടൈം, ഹിന്ദുസ്ഥാൻ ഇൻ്റർനാഷണൽ, രാജ്നന്ദിനി മെറ്റൽസ് ലിമിറ്റഡ്, സ്റ്റുവർട്ട് അലോയ്‌സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്, ഭാഗ്യനഗർ ലിമിറ്റഡ്, വിനായക് സ്റ്റീൽസ് ലിമിറ്റഡ്, വസിഷ്ഠ കൺസ്ട്രക്ഷൻ പ്രൈവറ്റ് ലിമിറ്റഡ് എന്നിവിടങ്ങളിലും പരിശോധന നടന്നു.
ഡൽഹി, ഹൈദരാബാദ്, മുംബൈ, കൊൽക്കത്ത, ഹരിയാനയിലെ കുരുക്ഷേത്ര എന്നിവിടങ്ങളിലെ വിവിധ സ്ഥലങ്ങളിൽ നടത്തിയ തിരച്ചിലുകളുടെ വിശദാംശങ്ങൾ കേന്ദ്ര ഏജൻസി വെളിപ്പെടുത്തിയിട്ടില്ല. കൂടാതെ, വാഷിംഗ് മെഷീനിൽ നിന്ന് പണം കണ്ടെത്തിയ സ്ഥലത്തെ കുറിച്ചുള്ള വിശദാംശങ്ങളും ഒഴിവാക്കി. 2.54 കോടി രൂപയാണ് വാഷിംഗ് മെഷീനിൽ ഒളിപ്പിച്ച നിലയിൽ കണ്ടെത്തിയത്.















