ലിയോനാർഡോ ഡികാപ്രിയോ, കേറ്റ് വിൻസ്ലെറ്റ് എന്നിവരെ കേന്ദ്ര കഥാപാത്രമാക്കി ജെയിംസ് കാമറൂണിന്റെ സംവിധാനത്തിൽ പിറന്ന സിനിമയാണ് ടൈറ്റാനിക്. അനശ്വര പ്രണയത്തിന്റെ കഥ പറയുന്ന സിനിമ ജനഹൃദയങ്ങളിൽ ഇന്നും മായാതെ നിൽക്കുന്നു. റോസിന്റെയും ജാക്കിന്റെയും കറപറ്റാത്ത സ്‌നേഹമാണ് സിനിമയുടെ അവസാനരംഗങ്ങളിൽ നാം കണ്ടത്. ഇന്നും ഒരു നൊമ്പരമായി ആ സ്‌നേഹം മാറുന്നു.
സിനിമയുടെ അവസാന ഭാഗത്തിൽ തനിക്ക് ലഭിച്ച തടിക്കഷ്ണം റോസിന് നൽകിയാണ് ജാക്ക് മരണത്തിലേക്ക് വഴുതി വീണത്. റോസിനെ രക്ഷിച്ച ആ തടിക്കഷ്ണവും പ്രേക്ഷകരുടെ ശ്രദ്ധയാകർഷിച്ചിരുന്നു. ഈ തടിക്കഷ്ണം തന്നെയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ചാ വിഷയം.
റോസിനെ രക്ഷിച്ച വാതിൽപലക വമ്പൻ വിലയ്‌ക്കാണ് ലേലത്തിൽ വിറ്റു പോയത്. ഏകദേശം 7,18,750 ഡോളറിനാണ്(5.99 കോടി രൂപ) വിറ്റുപോയത്. ബാൾസ മരത്തടിയാണ് ഇതിനായി സിനിമയിൽ ഉപയോഗിച്ചത്. യുഎസ് ലേലകമ്പനിയായ ഹെറിറ്റേജ് ഓക്ഷൻസാണ് ഹോളിവുഡ് സിനിമകളിലെ വിവിധ വസ്തുക്കൾ ലേലത്തിൽ വച്ചത്. ഇതിൽ ഏറ്റവും വലിയ തുകയ്‌ക്ക് തന്നെ റോസിനെ രക്ഷിച്ച തടിക്കഷ്ണം വിറ്റുപോവുകയായിരുന്നു.















