മലപ്പുറം: സ്വന്തം കുഞ്ഞിനെ കൊലപ്പെടുത്തിയ കുറ്റത്തിന് കോടതിയിൽ ഹാജരാക്കുമ്പോഴും കൂസലില്ലാതെ മുഹമ്മദ് ഫായിസ്. കാളികാവിൽ രണ്ടരവയസുകാരി ഫാത്തിമ നസ്റിന്റെ മരണത്തിൽ കൊലപാതക കുറ്റമാണ് മുഹമ്മദ് ഫായിസിനെതിരെ ചുമത്തിയിരിക്കുന്നത്. സ്വന്തം മകളെ അടിച്ചും എറിഞ്ഞുമാണ് പിതാവായ ഫായിസ് ഇല്ലാതാക്കിയത്. സ്വന്തം കുഞ്ഞിന്റെ മുഖം അവസാനമായി ഒരുനോക്കുകാണാനുള്ള ആഗ്രഹം പോലും ഫായിസ് പ്രകടിപ്പിച്ചില്ലെന്ന് പൊലീസ് പറഞ്ഞു.
പോസ്റ്റ് മോർട്ടം റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നടത്തിയ ചോദ്യം ചെയ്യലിൽ ഫായിസ് കുറ്റം സമ്മതിച്ചതായാണ് വിവരം. കൊലക്കുറ്റത്തിന് പുറമേ ജുവൈനൽ ജസ്റ്റിസ് നിയമപ്രകാരവും കേസെടുത്തിട്ടുണ്ട്. മഞ്ചേരി ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ചൊവ്വാഴ്ച ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്ത് മഞ്ചേരി സബ് ജയിലിലാക്കി.
ഞായറാഴ്ചയാണ് കുഞ്ഞ് മരിച്ചത്. ഭക്ഷണം അന്നനാളത്തിൽ കുരുങ്ങിയെന്നുപറഞ്ഞാണ് മുഹമ്മദ് ഫായിസിന്റെ ബന്ധുക്കൾ ആശുപത്രിയിലെത്തിച്ചത്. തല അടിച്ചുപൊട്ടിച്ചതും തലയിലെ ആന്തരിക രക്തസ്രാവവുമാണ് കുഞ്ഞിനെ മരണത്തിലേക്ക് തള്ളിവിട്ടതെന്ന് പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്. ശരീരത്തിലേൽപ്പിച്ച പല പരിക്കുകൾക്കും പത്തുദിവസത്തിലധികം പഴക്കമുണ്ട്. ശരീരത്തിൽ സിഗരറ്റ് കൊണ്ട് പൊള്ളിച്ച പാടുകളും ഉണ്ടായിരുന്നു. കുഞ്ഞിന്റെ തലച്ചോർ ഇളകിയനിലയിലായിരുന്നു.