ന്യൂഡൽഹി: ജയിലിൽ ഇരുന്ന് ഭരണം നടത്താൻ അരവിന്ദ്‍ കെജ്‍രിവാളിനെ അനുവദിക്കില്ലെന്ന് ഡൽഹി ലെഫ്റ്റനൻ്റ് ഗവർണർ വി.കെ. സക്‌സേന. കെജ്‍രിവാൾ ജയിലിൽ കിടന്നാലും മുഖ്യമന്ത്രിയായി തുടരുമെന്നും ജയിലിൽ നിന്ന് ഭരിക്കുമെന്നുമുള്ള ആംആദ്‍മി നേതാക്കളുടെ പ്രസ്താവനയുടെ പശ്ചാത്തലത്തിലാണ് ഗവർണറുടെ പ്രതികരണം.
ടൈംസ് നൗ ഉച്ചകോടിയിൽ സംസാരിക്കുകയായിരുന്നു സക്സേന. ഡൽഹി സർക്കാർ ഒരിക്കലും ജയിലിൽ നിന്നും ഭരിക്കില്ല. ആ ഉറപ്പ് ജനങ്ങൾക്ക് നൽകാൻ എനിക്ക് സാധിക്കുമെന്നായിരുന്നു സകസേന പറഞ്ഞത്.
മാർച്ച് 21-നായിരുന്നു മദ്യനയ അഴിമതിക്കേസിൽ അരവിന്ദ് കെജ്‍രിവാളിനെ ഇഡി അറസ്റ്റ് ചെയ്തത്. മുഖ്യമന്ത്രി സ്ഥാനം രാജിവയ്‌ക്കില്ലെന്ന് പ്രഖ്യാപിച്ച കെജ്‌രിവാൾ ഇഡി കസ്റ്റഡിയിലിരുന്ന് നിയമവ്യവസ്ഥയെ വെല്ലുവിളിച്ച് ഭരണം നടത്തുകയാണ്. കഴിഞ്ഞ ദിവസം ഡൽഹിയിലെ ജലവിതരണവുമായി ബന്ധപ്പെട്ട പ്രശ്നം പരിഹരിക്കണമെന്ന നിർദ്ദേശവും കെജ്‌രിവാൾ ജയിലിൽ നിന്നും നൽകിയിരുന്നു.