അമരാവതി: ആന്ധ്രാപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള സ്ഥാനാർത്ഥി പട്ടിക പുറത്തിറക്കി ബിജെപി. പാർട്ടി മത്സരിക്കുന്ന പത്ത് സീറ്റുകളിലേക്കുളള പട്ടികയാണ് പുറത്തിറക്കിയത്. മുൻ കേന്ദ്രമന്ത്രിയും ടിഡിപി നേതാവുമായിരുന്ന വൈഎസ് ചൗധരി ഉൾപ്പെടെയുളളവരാണ് പട്ടികയിലുളളത്.
2014 മുതൽ 2018 വരെ കേന്ദ്ര ശാസ്ത്ര സാങ്കേതിക മന്ത്രാലയം സഹമന്ത്രിയായിരുന്നു വൈഎസ് ചൗധരി . 2019 ലാണ് ചൗധരി ടിഡിപി വിട്ട് ബിജെപിയിലെത്തിയത്. വിജയവാഡ വെസ്റ്റിൽ നിന്നാണ് ചൗധരി ജനവിധി തേടുക. പാർട്ടി സംസ്ഥാന വൈസ് പ്രസിഡന്റ് പി വിഷ്ണുകുമാർ രാജു വിശാഖപട്ടണം നോർത്തിൽ നിന്ന് മത്സരിക്കും. 2014 ൽ ഇതേ മണ്ഡലത്തിൽ നിന്ന് വിജയിച്ച നേതാവാണ് വിഷ്ണുകുമാർ.
2014 ലെ ടിഡിപി സഖ്യസർക്കാർ ആരോഗ്യമന്ത്രിയായിരുന്ന കമിനേനി ശ്രീനിവാസ് കൈകലൂരിൽ നിന്നും മത്സരിക്കും. എച്ചർലയിൽ നിന്നും എൻ.ഈശ്വര റാവു, പട്ടിക വർഗ സംവരണ മണ്ഡലമായ അരകു വാലിയിൽ പാംഗി രാജറാവു തുടങ്ങിയവരും ജനവിധി തേടും. മെയ് 13-നാണ് ആന്ധ്രാപ്രദേശിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്.
പവൻ കല്യാണിന്റെ ജനസേന പാർട്ടിയും ചന്ദ്രബാബു നായിഡുവിന്റെ ടിഡിപിയുമായി ചേർന്നാണ് ഇത്തവണ ബിജെപി മത്സരിക്കുന്നത്. ടിഡിപി 17 സീറ്റുകളിലും ജനസേന പാർട്ടി രണ്ട് സീറ്റുകളിലുമാണ് മത്സരിക്കുന്നത്.