കൊച്ചി : കേരളത്തിൽനിന്നു ഗൾഫിലേക്കുള്ള കപ്പൽ സർവീസ് ആരംഭിക്കാൻ നീക്കം . കേരള–-ഗൾഫ് യാത്രാക്കപ്പൽ സർവീസിന്റെ സാധ്യതകൾ തേടി കേരള മാരിടൈം ബോർഡ് കൊച്ചിയിൽ ആദ്യഘട്ട ചർച്ച നടത്തി .
സാധാരണക്കാരായ പ്രവാസികൾക്ക് വിമാനയാത്രാക്കൂലിയെക്കാൾ താഴ്ന്ന നിരക്കിൽ യാത്ര ചെയ്യാവുന്ന സർവീസാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് കേരള മാരിടൈം ബോർഡ് ചെയർമാൻ എൻ എസ് പിള്ള ചർച്ചയിൽ പറഞ്ഞു. സിംഗപ്പൂർ, ഗുജറാത്ത്, മുംബൈ എന്നിവിടങ്ങളിൽനിന്നുള്ള മൂന്ന് കപ്പൽ കമ്പനികൾ ഇതിൽ അതീവ താൽപ്പര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്ന് കേരള മാരിടൈം ബോർഡ് പറയുന്നു.
സർക്കാരിൽനിന്നും മാരിടൈം ബോർഡിൽനിന്നും ലഭ്യമാക്കുന്ന സഹായങ്ങൾ കമ്പനികളെ അറിയിച്ചു. ഏപ്രിൽ 22 വരെ താൽപ്പര്യപത്രം സമർപ്പിക്കാം. ഗൾഫിൽനിന്ന് മൂന്നോ നാലോദിവസംകൊണ്ട് വിഴിഞ്ഞം, ബേപ്പൂർ, കൊല്ലം, അഴീക്കൽ തുറമുഖങ്ങളിൽ എത്താവുന്നവിധം സർവീസ് ക്രമീകരിക്കാനാണ് ബോർഡ് ലക്ഷ്യമിടുന്നത്.
10,000 രൂപയിൽ താഴെയുള്ള ടിക്കറ്റ് നിരക്കിൽ യാത്ര സാധ്യമാകുമെന്നാണു ബോർഡിന്റെ അവകാശ വാദം.1200 പേരെയെങ്കിലും ഉള്‍ക്കൊള്ളുന്ന വിധത്തിലുള്ള കപ്പലുകളാണു പരിഗണിക്കുന്നത്. ഇതിനു പുറമെ, 3 – 4 ദിവസം കടലിലൂടെ ഗൾഫിലേക്കുള്ള ആഡംബര യാത്രക്കായുള്ള ക്രൂയിസുകളും പരിഗണിക്കുന്നുണ്ട്.















