തിരുവനന്തപുരം: ഡിവൈഎഫ്ഐ മെമ്പറായിരുന്നപ്പോൾ വിളിച്ച മുദ്രാവാക്യങ്ങളൊക്കെ വിഡ്ഢിത്തമാണെന്ന് പിന്നീട് തിരിച്ചറിഞ്ഞതായി രാഷ്ട്രീയ നിരീക്ഷകൻ എം.കെ ഹരിദാസ്. ജനം ഡിബേറ്റിനിടെയാണ് അദ്ദേഹം മുൻപ് വിളിച്ച് നടന്ന വിഡ്ഢിത്തം നിറഞ്ഞ മുദ്രാവാക്യങ്ങളെ കുറിച്ച് പരാമർശിച്ചത്.
അരിയില്ലാത്ത നാട്ടിൽ പച്ചക്കറിയില്ലാത്ത നാട്ടിൽ വേണ്ട വേണ്ട കമ്പ്യൂട്ടർ, ഈ മുദ്രാവാക്യവും വിളിച്ച്, താലൂക്ക് ഓഫീസ് പിക്കറ്റിങ്ങിൽ പങ്കെടുത്ത് പൊലീസിന്റെ തല്ല് വാങ്ങാതിരിക്കാൻ സ്പീഡിൽ ഓടിയ വ്യക്തിയാണ് താനെന്ന് ഹരിദാസ് പറഞ്ഞു. ഇത്തരത്തിൽ കുറെ വിഡ്ഢിത്തം നിറഞ്ഞ കാഴ്ചപ്പാടും വികസന വിരോധവും കൊണ്ട് മുന്നോട്ട് പോയതിന്റെ തിക്തഫലം മലയാളികൾ അനുഭവിക്കുകയാണ്, അദ്ദേഹം പറഞ്ഞു.
ഇഡി അന്വേഷവുമായി ബന്ധപ്പെട്ട് സിപിഎം ഇറക്കുന്ന കാപ്സ്യൂൾ സ്വന്തം പാർട്ടിക്കാർ തന്നെ വിശ്വസിക്കുന്നില്ലെന്ന് ഹരിദാസ് ചൂണ്ടിക്കാട്ടി. ‘ഇതിന്റെ സത്യം ജനങ്ങൾക്കറിയാമെന്ന’ കാപ്സ്യൂളിൽ മാറാവുന്ന രോഗമല്ല ഇത്. അണികൾ ഇത് തിരിച്ചറിഞ്ഞതിലുള്ള വിമ്മിഷ്ടം പാർട്ടി നേതാക്കൾക്ക് ഉണ്ടെന്നും ഹരിദാസ് പരിഹസിച്ചു.
മാസപ്പടി കേസിലെ ഇഡി അന്വേഷണവുമായി ബന്ധപ്പെട്ടാണ് ഡിബേറ്റ് നടന്നത്. കരിമണൽ കമ്പനിയിൽ നിന്ന് വീണാ വിജയന്റെ സ്ഥാപനമായ എക്സാലോജിക് പണം വാങ്ങിയെന്ന കേസിലാണ് അന്വേഷിക്കുന്നത്. നൽകാത്ത സേവനത്തിന് ലക്ഷങ്ങൾ കൈപ്പറ്റിയതാണ് വീണാ വിജയന് നേരെയുള്ള ആരോപണം. എസ്എഫ്ഐഒ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് ഇഡിയുടെ അന്വേഷണത്തിലേക്ക് കടന്നത്.