തൊലി വെളുക്കാനുള്ള ക്രീം ഉപയോഗിച്ചതിനെ തുടർന്ന് വൃക്കരോഗം പിടിപ്പെട്ട വാർത്തകൾ അടുത്തിടെ കേരളത്തിൽ റിപ്പോർട്ട് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഹെയർ സ്ട്രെയ്റ്റനിങിന് ഉപയോഗിക്കുന്ന കെമിക്കലുകളും ആരോഗ്യത്തിന് ഹാനികരമാണെന്ന വാർത്ത പുറത്ത് വരുന്നത്. ഹെയർ സ്ട്രെയ്റ്റനിങ് ചെയ്തതിന് ശേഷം ഇരുപത്തിയാറുകാരിക്ക് ഇടയ്ക്കിടെ ആരോഹ്യപ്രശ്നങ്ങൾ ഉണ്ടായതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് വൃക്കരോഗം സ്ഥിരീകരിച്ചത്. ടുണീഷ്യയിൽ നിന്നുള്ള യുവതിക്കാണ് ആരോഗ്യ പ്രശ്നങ്ങളുണ്ടായത്. ദി ന്യൂ ഇംഗ്ലണ്ട് ജേർണൽ ഓഫ് മെഡിസിനിലാണ് ലേഖനം പ്രദ്ധീകരിച്ചത്.
ആരോഗ്യവതിയായ യുവതിക്ക് ഹെയർ സ്ട്രെയ്റ്റനിങാണ് ആപത്തായത്. 2020 ജൂണിലാണ് യുവതി ഹെയർ സ്ട്രെയ്റ്റൻ ചെയ്തത്. പിന്നീട് 2021ലും 2022ലും ഇത് ചെയ്തു. ഹെയർ ട്രീറ്റ്മെന്റിന് ശേഷം ഛർദി, വയറിളക്കം, പനി, പുറംവേദന തുടങ്ങിയവ അനുഭവപ്പെട്ടിരുന്നുവെന്ന് യുവതി പറയുന്നു. സ്ട്രെയ്റ്റൻ ചെയ്യുന്നതിനിടെ യുവതിയുടെ ശിരോചർമത്തിൽ നീറ്റൽ അനുഭവപ്പെട്ടിരുന്നുവെന്നും കഴിഞ്ഞതിനുശേഷം മുറിവുകൾ രൂപപ്പെട്ടിരുന്നുവെന്നും ലേഖനത്തിൽ പറയുന്നു.
ശാരീരികമായി ബുദ്ധിമുട്ട് കൂടിയതിനെ തുടർന്ന് നടത്തിയ പരിശോധനയിൽ രക്തത്തിൽ ക്രിയാറ്റിനിന്റെ അളവ് കൂടിയതായി വ്യക്തമായി. ഒപ്പം മൂത്രത്തിൽ രക്തത്തിന്റെ അംശം കാണുകയും ചെയ്തു. ഇതെല്ലാം വൃക്കയുടെ തകരാറിന്റെ ലക്ഷണമായിരുന്നുവെന്ന് ഡോക്ടർമാർ കണ്ടെത്തി.
ഗ്ലയോക്സിലിക് ആസിഡ് എന്ന കെമിക്കലാണ് സ്ട്രെയ്റ്റനിംഗ് ക്രീമായി ഉപയോഗിച്ചതെന്ന് വ്യക്തമായതോടെ ഡോക്ടർമാർ തുടർ പഠനത്തിലേക്ക് കടന്നു. എലികളിൽ നടത്തിയ പരീക്ഷണത്തിനൊടുവിൽ ഗ്ലയോക്സിലിക് ആസിഡ് ചർമത്തിലൂടെ വൃക്കയിൽ എത്തിയതാകാം പ്രശ്നമായതെന്ന് ഡോക്ടർമാർ കണ്ടെത്തി. സലൂണിൽ നിന്ന് യുവതിയിൽ ഉപയോഗിച്ച സ്ട്രെയ്റ്റനിങ് ക്രീം തന്നെയാണ് എലികളിൽ ഉപയോഗിച്ചത്. ഇതേ സമയത്ത് തന്നെ പെട്രോളിയം ജെല്ലിയും മറ്റ് എലികളിലും പരീക്ഷിച്ചു. സ്ട്രെയ്റ്റനിങ് ക്രീം ഉപയോഗിച്ച എലികളിലെ രക്തത്തിൽ ഇരുപത്തിയെട്ടു മണിക്കൂറിനുള്ളിൽ തന്നെ ക്രിയാറ്റിനിന്റെ അളവ് ക്രമാതീതമായി വർദ്ധിച്ചതായി കണ്ടെത്തി.
എന്നാൽ പെട്രോളിയം ജെല്ലി ഉപയോഗിച്ചവയിൽ വൃക്കയുട പ്രവർത്തനം സാധാരണ നിലയിലായിരുന്നു. ഗ്ലയോക്സിലിക് ആസിഡ് അടങ്ങിയ സൗന്ദര്യവർധക ഉത്പന്നങ്ങൾ സുരക്ഷിതമല്ലെന്ന് ഡോക്ടർമാർ ലേഖനത്തിൽ ചൂണ്ടിക്കാട്ടുന്നു.