മുംബൈ: ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി മഹാരാഷ്‌ട്രയിൽ കോൺഗ്രസിന് കനത്ത തിരിച്ചടി. മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്ര ആഭ്യന്തര മന്ത്രിയുമായ ശിവരാജ് പാട്ടീലിന്റെ മരുമകൾ അർച്ചന പാട്ടീൽ ചകുർക്കർ ബിജെപിയിൽ ചേരും. നാളെ മുംബൈയിൽ വച്ച് അംഗത്വം സ്വീകരിക്കുമെന്നാണ് റിപ്പോർട്ട്. ഇതിന് മുന്നോടിയായി മഹാരാഷ്‌ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസുമായി അർച്ചന കൂടിക്കാഴ്ച നടത്തി.
അശോക് ചവാന്റെ പിന്തുണയോടെയാണ് അർച്ചനയുടെ ബിജെപി പ്രവേശനം. മുതിർന്ന കോൺഗ്രസ് നേതാക്കളായിരുന്ന ചവാന്റെയും മിലിന്ദ് ദിയോറയുടെയുടെയും ബിജെപി പ്രവേശനം മഹാരാഷ്‌ട്രയിൽ കോൺഗ്രസിനെ പ്രതിസന്ധിയിലാക്കിയിരുന്നു.
ഉത്തർപ്രദേശ് കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ലോക്സഭാ സീറ്റുള്ള മഹാരാഷ്‌ട്രയിൽ (48) കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 41 സീറ്റാണ് എൻഡിഎ നേടിയത്. അന്ന് പിളരാത്ത ശിവസേന ഒപ്പമുണ്ടായിരുന്നു. ശിവസേനയിലെ ഏക്നാഥ് ഷിൻഡെ വിഭാഗം, എൻസിപിയിലെ അജിത് പവാർ വിഭാഗം, അശോക് ചവാൻ, രാജ്താക്കറെ എന്നിവർ ഒപ്പമുളളതിനാൽ ഇക്കുറിയും എൻഡിഎ മികച്ച വിജയം നേടുമെന്നാണ് റിപ്പോർട്ടുകൾ. 45 സീറ്റുകളെങ്കിലും നേടാനാണ് എൻഡിഎ ലക്ഷ്യമിടുന്നത്.2019-ലെ തിരഞ്ഞെടുപ്പിൽ 23 സീറ്റുകളുമായി ബിജെപി ഏറ്റവും വലിയ കക്ഷിയായിരുന്നു.
ചകുർക്കർ കുടുംബത്തിൽ നിന്നുളള അർച്ചന ബിജെപിയിലെത്തുന്നതോടെ ലിംഗായത്ത് സമുദായത്തിന്റെ വോട്ടുകളും പിന്തുണയും എൻഡിഎയ്‌ക്ക് ലഭിക്കുന്നതിന് വഴിയൊരുങ്ങും. ലത്തൂർ ജില്ലയിൽ ഉൾപ്പെടെ നിർണായക സ്വാധീനമുളള സമുദായമാണ് ലിംഗായത്തുകൾ. നേരത്തെ കോൺഗ്രസിന് ഇവർ ഉറച്ച പിന്തുണ നൽകിയിരുന്നെങ്കിലും 2014 ലെ തെരഞ്ഞെടുപ്പ് മുതൽ സ്ഥിതി മാറിയിരുന്നു.
അഞ്ച് ഘട്ടങ്ങളിലായാണ് മഹാരാഷ്‌ട്രയിൽ ലോക്സഭാ തിരഞ്ഞെടുപ്പ് നടക്കുന്നത്. ഏപ്രിൽ 19, ഏപ്രിൽ 26, മെയ് 7, മെയ് 13, മെയ് 20 തീയതികളിലാണ് തെരഞ്ഞെടുപ്പ് .വോട്ടെണ്ണൽ ജൂൺ 4 ന് നടക്കും.