മുന്നിൽ ഒരു പ്ലാസ്റ്റിക് കവർ കണ്ടാൽ പോലും അതൊന്ന് എടുത്ത് വേസ്റ്റ് ബാസ്‌ക്കറ്റിൽ കൊണ്ടുപോയി ഇടാൻ മടിയുള്ളവരാണ് നമ്മിൽ ബഹുഭൂപിപക്ഷവും. അങ്ങനെയുള്ളവർക്ക് മാതൃകയാവുകയാണ് ഉത്തരാഖണ്ഡിലെ ശ്രീനഗറിലുള്ള ഡോക്ടർ നഥാനി.
ഡോക്ടറായി പ്രാക്ടീസ് ചെയ്യുന്ന നഥാനി രാവിലെയും വൈകിട്ടും കാറെടുത്തിറങ്ങും. റോഡിലുളള മാലിന്യങ്ങൾ മുഴുവൻ പെറുക്കിയെടുത്ത് വൃത്തിയാക്കും. കഴിഞ്ഞ 10 വർഷമായി ഈ ജോലി നഥാനി ചെയ്ത് വരുന്നു. അതിനുപിന്നിലുള്ള പ്രചോദനം സാക്ഷാൽ പ്രധാനമന്ത്രി നരേന്ദ്രമോദിയും.
”പ്രധാനമന്ത്രി അധികാരമേറ്റ ദിനം മുതൽ വ്യക്തി ശുചിത്വത്തിന്റെയും സമൂഹ ശുചിത്വത്തിന്റെയും പ്രാധാന്യം ഓരോ ജനങ്ങളിലേക്കും എത്തിക്കാൻ അദ്ദേഹം ശ്രമിക്കുന്നു. സ്വച്ഛ് ഭാരത് അഭിയാനിലൂടെ പൊതു ഇടങ്ങൾ വൃത്തിയാക്കാനും ശുചിത്വം പാലിക്കാനും അദ്ദേഹം സന്ദേശം നൽകിയത് മുതൽ ഞാനും മാലിന്യങ്ങൾ ശേഖരിച്ച് നിർമാർജനം ചെയ്യാൻ തുടങ്ങി, അദ്ദേഹത്തിനൊപ്പം പങ്കാളിയായി.”- ഡോ. നഥാനി പറഞ്ഞു.
തന്റെ 80 ശതമാനം രോഗികൾക്കും ശുചിത്വമില്ലായ്മ കാരണം വരുന്ന രോഗങ്ങളാണെന്നും വ്യക്തി ശുചിത്വം പാലിക്കേണ്ടത് അത്യാവശ്യമാണെന്നും നഥാനി പറയുന്നു. ഡോക്ടറിന്റെ പ്രവർത്തികൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായതോടെ നിരവധി പേരാണ് അഭിനന്ദിച്ച് രംഗത്തെത്തിയത്.















