ഏറെ വെല്ലുവിളികൾ തരണം ചെയ്താണ് സ്വതന്ത്ര വീർ സവർക്കർ എന്ന ചിത്രം ഒരുക്കിയതെന്ന് നടൻ രൺദീപ് ഹൂഡ .ചിത്രത്തിനായി രണ്ട് വർഷം ചെലവഴിച്ചുവെന്നും സിനിമയുടെ ഫണ്ടിനായി വളരെയധികം പരിശ്രമിച്ചെന്നും രൺദീപ് വെളിപ്പെടുത്തി. തന്റെ പിതാവ് വാങ്ങിയ മുംബൈയിലെ വസ്തുവകകൾ പോലും ഈ ചിത്രത്തിനായി താൻ വിറ്റതായി അദ്ദേഹം പറഞ്ഞു.
‘ പണവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ ഉണ്ടായിരുന്നു. എന്റെ അച്ഛൻ എനിക്ക് വേണ്ടി ബോംബെയിൽ കുറച്ച് സ്വത്തുക്കൾ വാങ്ങി, ഈ സിനിമയ്‌ക്കായി ഞാൻ അത് വിറ്റു . ഈ സിനിമയ്‌ക്കായി ഞാൻ എല്ലാം ചെലവഴിച്ചു. എനിക്ക് ഇതിന്റെ നിർമ്മാണം നിർത്താൻ കഴിയില്ലായിരുന്നു ‘ എന്നാണ് രൺദീപ് പറഞ്ഞത്.
കാലാപാനി ജയിലിലും സിനിമയുടെ ചിത്രീകരണം നടന്നിരുന്നു. ജയിലിൽ, പ്രത്യേകിച്ച് രാത്രിയിൽ രംഗങ്ങൾ ചിത്രീകരിച്ച അനുഭവത്തെക്കുറിച്ച് ചോദിച്ചപ്പോൾ സവർക്കറുടെ സാന്നിധ്യം തനിക്ക് അനുഭവപ്പെട്ടതായും രൺദീപ് പറഞ്ഞു .
‘ ഷൂട്ട് ചെയ്യുമ്പോൾ, വിനായക് ദാമോദർ സവർക്കറിനോട് സാമ്യമുള്ള ഒരു നിഴൽ പോലും കാണാനിടയായി . ഓരോ ഫ്രെയിമിലും ആ സാന്നിദ്ധ്യം അനുഭവപ്പെട്ടു . ഞാൻ ആത്മാർത്ഥമായി അനുഭവിച്ച നിമിഷങ്ങളുണ്ടായിരുന്നു. ‘ – അദ്ദേഹം പറഞ്ഞു.