ശബ്ദത്തിന്റെ ക്ലോൺ വേർഷൻ തയ്യാറാക്കുന്ന വോയ്സ് എഞ്ചിൻ (‘Voice Engine’) അവതരിപ്പിച്ച് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ജെനറേറ്റീവ് കമ്പനിയായ OpenAI. വോയ്സ് അസിസ്റ്റന്റ് ബിസിനസിലും മുന്നേറ്റം നടത്താനുള്ള കമ്പനിയുടെ നീക്കത്തിന്റെ ഭാഗമായാണ് ചാറ്റിജിപിടി ക്രിയേറ്റർ പുതിയ സാങ്കേതികവിദ്യയായ ‘വോയ്സ് ക്ലോൺ’ അവതരിപ്പിച്ചത്. ഏതൊരു വ്യക്തിയുടെയും ശബ്ദത്തിന്റെ ക്ലോൺ (പകർപ്പ്) തയ്യാറാക്കാൻ പുതിയ ടെക്നോളജിക്ക് സാധിക്കും. സുരക്ഷാകാരണങ്ങൾ പരിഗണിച്ചാണ് പുതിയ ഫീച്ചർ പൊതുജനങ്ങൾക്കായി റിലീസ് ചെയ്യാത്തതെന്നും കമ്പനി അറിയിച്ചു.
പുതിയ വോയ്സ് എഞ്ചിൻ ടെക്സനോളജി കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു OpenAI അവതരിപ്പിച്ചത്. വെറും 15 സെക്കൻഡ് നേരത്ത ഓഡിയോ സാമ്പിൾ ഉപയോഗിച്ച് വോയ്സ് ക്ലോൺ സൃഷ്ടിക്കാൻ കഴിയുന്നതാണ് പ്രോഗ്രാം. ക്ലോൺ ക്രിയേറ്റ് ചെയ്യേണ്ട ശബ്ദത്തിന് ഉടമ, 15 സെക്കൻഡ് നേരം ശബ്ദം റെക്കോർഡ് ചെയ്യുക. ഇതോടെ വോയ്സ് ക്ലോൺ സൃഷ്ടിക്കപ്പെടുമെന്ന് OpenAI വ്യക്താക്കി.
ഡിജിറ്റൽ യുഗത്തിലെ വലിയ മുന്നേറ്റമെന്ന നിലയിൽ വോയ്സ് ക്ലോൺ ടെക്നോളജി ദുരുപയോഗം ചെയ്യപ്പെടാനുള്ള സാധ്യത മുൻനിർത്തിയാണ് നിലവിൽ പൊതുജനങ്ങൾക്ക് ലഭ്യമാക്കാത്തത്. ഒരാളുടെ ശബ്ദത്തിൽ അയാളറിയാതെ തന്നെ സന്ദേശം ക്രിയേറ്റ് ചെയ്യപ്പെടുന്നത് വലിയ അപകടങ്ങൾ വിളിച്ചുവരുത്തും. പ്രത്യേകിച്ചും ഈ വർഷം നിരവധി രാജ്യങ്ങളിൽ തെരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തിൽ അപകട സാധ്യതയേറെയുണ്ടെന്ന് കമ്പനി വിലയിരുത്തി.