വാഷിംഗ്ടൺ: ബാൾട്ടിമോറിൽ ചരക്കുകപ്പലിടിച്ച് പാലം തകർന്ന സംഭവത്തിൽ യുഎസ് പ്രസിഡന്റ് ജോ ബൈഡൻ സംഭവ സ്ഥലം സന്ദർശിക്കും. വരുന്ന ആഴ്ച ബൈഡൻ സ്ഥലം സന്ദർശിക്കുമെന്നാണ് യുഎസ് അധികൃതർ നൽകുന്ന വിവരം. പാലം നേരെയാക്കാൻ 60 മില്യൻ യുഎസ് ഡോളർ കഴിഞ്ഞ ദിവസം ബൈഡൻ ഭരണകൂടം അനുവദിച്ചിരുന്നു.
ബാൾട്ടിമോറിൽ ഫ്രാൻസിസ് സ്‌കോട്ട് കീ പാലമാണ് ചരക്കുകപ്പൽ ഇടിച്ച് തകർന്നത്. തകർന്ന പാലത്തിന്റെ അവശിഷ്ടങ്ങൾ വലിയതോതിൽ കപ്പൽചാലിൽ പതിച്ചതും വെല്ലുവിളിയായിരുന്നു. ഇത് നിലവിൽ നീക്കി തുടങ്ങിയിട്ടുണ്ട്. 1000 ടൺ ഭാരം വരെ ഉയർത്താൻ ശേഷിയുളള ക്രെയിൻ ഉപയോഗിച്ചാണ് പാലത്തിന്റെ അവശിഷ്ടങ്ങൾ നീക്കുന്നത്.
പാലത്തിൽ നിർമാണ ജോലി നടത്തിക്കൊണ്ടിരുന്ന ആറ് തൊഴിലാളികളും അപകടത്തിൽ കൊല്ലപ്പെട്ടിരുന്നു. പടാപ്സ്‌കോ നദിക്കു കുറുകെയുളള പാലത്തിലായിരുന്നു അപകടം. ചൊവ്വാഴ്ച 1.30 നായിരുന്നു പാലം തകർന്നു വീണത്. സിനർജി മറൈൻ ഗ്രൂപ്പിന്റെ കപ്പൽ പാലത്തിലേക്ക് ഇടിച്ചു കയറുകയായിരുന്നു. ശക്തമായ ഇടിയുടെ ആഘാതത്തിൽ പാലം തകർന്ന് നദിയിലേക്ക് പതിച്ചു. തിരക്കേറിയ സമയത്തായിരുന്നു അപകടം നടന്നത്. നിരവധി വാഹനങ്ങൾ അപകടത്തെ തുടർന്ന് നദിയിൽ അകപ്പെട്ടിരുന്നു.