ന്യൂഡൽഹി: രാജ്യ വിരുദ്ധ ആശയങ്ങൾ പ്രചരിപ്പിക്കാൻ ചൈനയിൽ നിന്ന് സഹായം വാങ്ങിയെന്ന കേസിൽ ന്യൂസ് ക്ലിക്ക് സ്ഥാപകനും ചീഫ് എഡിറ്ററുമായ പ്രബീർ പുരകായസ്തയ്‌ക്കെതിരെ കുറ്റപത്രം സമർപ്പിച്ചു. പട്യാല ഹൗസ് കോടതിയിൽ 8000 പേജുകളുള്ള കുറ്റപത്രമാണ് ഡൽഹി പൊലീസിന്റെ പ്രത്യേക സെൽ സമർപ്പിച്ചത്. അഡീഷണൽ സെഷൻസ് ജഡ്ജി ഡോ. ഹർദീപ് കൗറിന് മുമ്പാകെയാണ് ട്രങ്ക് പെട്ടിയിൽ കുറ്റപത്രം സമർപ്പിച്ചത്.
പ്രബീർ പുരകായസ്ത, പിപികെ ന്യൂസ്‌ക്ലിക്ക് സ്റ്റുഡിയോ പ്രൈവറ്റ് ലിമിറ്റഡ് എന്നിവരെയാണ് കുറ്റപത്രത്തിൽ പ്രതി ചേർത്തിരിക്കുന്നതെന്ന് സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർമാരായ അഖണ്ഡ് പ്രതാപ് സിംഗ്, സൂരജ് രതി എന്നിവർ കോടതിയെ അറിയിച്ചു. എഡിറ്റർമാർ, സഹസ്ഥാപകർ, ജീവനക്കാർ എന്നിവരുടെ പേരുകൾ കുറ്റുപത്രത്തിലുണ്ടെന്നാണ് പൊലീസ് നൽകുന്ന വിവരം. ഏപ്രിൽ 16ന് കേസിൽ വാദം ആരംഭിക്കുമെന്ന് കോടതി അറിയിച്ചു.
അമേരിക്കൻ വ്യവസായിയും സാമൂഹിക പ്രവർത്തകനുമായ നെവിൽ റോയ് സിംഘത്തിൽ നിന്ന് ന്യൂസ് ക്ലിക്കിന് വേണ്ടി പണം വാങ്ങി എന്നാണ് പ്രബീർ പുരകായസ്തയ്‌ക്കെതിരെയുള്ള കേസ്. ചൈനയെ പുകഴ്‌ത്തുകയും ചൈനീസ് പ്രൊപ്പഗണ്ട പ്രചരിപ്പിക്കുകയും ചെയ്യുന്നതിന് വലിയ തോതിലുള്ള ഫണ്ട് ഇന്ത്യയിലടക്കം ലോകമെമ്പാടും വിതരണം ചെയ്യപ്പെടുന്നുവെന്ന് യു.എസ്. മാദ്ധ്യമമായ ന്യൂയോർക്ക് ടൈംസിന്റെ റിപ്പോർട്ട് പുറത്ത് വന്നതോടെയാണ് വിഷയം ചർച്ചയാകുന്നത്.
കഴിഞ്ഞ വർഷം ഓഗസ്റ്റിലാണ് കേസിൽ എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്തത്. എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്ത് 45 ദിവസത്തിന് ശേഷമാണ് പ്രബീർ പുരകായസ്തയെ യു.എ.പി.എ. നിയമപ്രകാരം അറസ്റ്റ് ചെയ്തത്. ഇതിനൊപ്പം സ്ഥാപനവുമായി ബന്ധമുള്ള പലസ്ഥലങ്ങളിലും പരിശോധനയും നടത്തിയിരുന്നു. ഒക്ടോബർ മൂന്നിന് മണിക്കൂറുകൾ നീണ്ട പരിശോധനയ്‌ക്കൊടുവിൽ ന്യൂസ് ക്ലിക്കിലെ 46 മാദ്ധ്യമപ്രവർത്തകരെ ചോദ്യം ചെയ്യുകയും അവരുടെ ഫോണുകൾ അടക്കം 300-ലേറെ ഡിജിറ്റൽ ഉപകരണങ്ങൾ പൊലീസ് പിടിച്ചെടുക്കുകയും ചെയ്തിരുന്നു.