ചണ്ഡിഗഢ്: പിറന്നാൾ ദിനത്തിൽ കേക്ക് കഴിച്ച് ഭക്ഷ്യവിഷബാധയേറ്റ പത്ത് വയസുകാരി മരിച്ചു. ഓൺലൈനിൽ നിന്ന് ഓർഡർ ചെയ്ത കേക്ക് കഴിച്ചാണ് പെൺകുട്ടിക്ക് ഭക്ഷ്യവിഷബാധയേറ്റത്. പഞ്ചാബിലെ പട്യാലയിലാണ് സംഭവം. കേക്ക് കഴിച്ചതിന് ശേഷം കുട്ടിക്ക് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായിരുന്നതായി ബന്ധുക്കൾ പറഞ്ഞു. പട്യാലയിലെ ഒരു ബേക്കറിയിൽ നിന്നാണ് കേക്ക് ഓർഡർ ചെയ്ത് വാങ്ങിയത്.
പെൺകുട്ടി മരിക്കുന്നതിന് മുമ്പെടുത്ത ബർത്ത്ഡേ ആഘോഷങ്ങളുടെ വീഡിയോയും ചിത്രങ്ങളും സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുകയാണ്. പെൺകുട്ടി കേക്കിന് മുന്നിൽ ഇരിക്കുന്നതും കേക്ക് കഴിക്കുന്നതും വീഡിയോയിൽ കാണാം. ആദ്യം പെൺകുട്ടിക്കും തുടർന്ന് വീട്ടിലെ മറ്റ് കുടുംബാംഗങ്ങൾക്കും ഭക്ഷ്യ വിഷബാധയേറ്റു.
കേക്ക് കഴിച്ചയുടൻ തന്നെ പെൺകുട്ടിക്ക് ഛർദ്ദി ഉണ്ടാവുകയും അടുത്ത ദിവസം ആരോഗ്യനില വഷളാവുകയുമായിരുന്നു. തുടർന്ന് ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കയായിരുന്നു മരണപ്പെട്ടത്. രക്ഷിതാക്കളുടെ പരാതിയുടെ അടിസ്ഥാനത്തിൽ ബേക്കറി ഉടമയ്‌ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. കേക്കിന്റെ സാമ്പിളും പരിശോധനയ്‌ക്ക് അയച്ചിട്ടുണ്ടെന്നും റിസൾട്ട് വന്നാൽ മാത്രമേ വ്യക്തത വരികയുള്ളൂവെന്നും അധികൃതർ അറിയിച്ചു.