കച്ചത്തീവ് ദ്വീപ് കൈമാറ്റം സംബന്ധിച്ച് തമിഴ്നാട് ബിജെപി അദ്ധ്യക്ഷൻ കെ. അണ്ണാമലൈയ്‌ക്ക് ലഭിച്ച വിവരാവകാശ രേഖ വിരൽ ചൂണ്ടുന്നത് കോൺഗ്രസ് മൂടിവെച്ച യാഥാർത്ഥ്യങ്ങളിലേക്ക്. ഇന്ത്യയുടെ പരമാധികാരത്തിൽ ഉണ്ടായിരുന്ന അതീവ പ്രാധാന്യമുള്ള ഒരു പ്രദേശം വിദേശ രാജ്യത്തിന് അടിയറ വെക്കാൻ ഇന്ദിരയ്‌ക്ക് ഒരു ജാള്യതയും ഇല്ലായിരുന്നുവന്നാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത്. ഇതിൽ നെഹ്റുവിന്റെ നിലപാടാണ് ഏറെ ഗുരുതരം.
1961 മെയ് 10 ന് പാർലമെന്റിൽ കച്ചത്തീവ് ഉന്നയിച്ചപ്പോൾ വിഷയം അപ്രസക്തമാണെന്ന് പറഞ്ഞ് തള്ളിക്കളയുകയാണ് നെഹ്റു ചെയ്തത്. ദ്വീപിന് മേലുള്ള അവകാശവാദം ഉപേക്ഷിക്കാൻ തനിക്ക് ഒരു മടിയുമില്ലെന്നാണ് അദ്ദേഹം പാർലമെന്റിൽ പറഞ്ഞത്. ഈ ചെറിയ ദ്വീപിന് ഞാൻ ഒരു പ്രാധാന്യവും നൽകുന്നില്ല, ഞങ്ങളുടെ അവകാശവാദങ്ങൾ ഉപേക്ഷിക്കാൻ എനിക്ക് ഒരു മടിയുമില്ല. ഇത് ഇനി പാർലമെന്റിൽ ഉന്നയിക്കുന്നത് എനിക്ക് ഇഷ്ടമല്ലെന്നാണ് , നെഹ്‌റു മിനുറ്റ്സിൽ എഴുതിയത്.
നെഹ്‌റുവിന്റെ മിനുറ്റ്സ് അന്നത്തെ കോമൺവെൽത്ത് സെക്രട്ടറി വൈ ഡി ഗുണ്‌ദേവ്യ തയ്യാറാക്കിയ കുറിപ്പിന്റെ ഭാഗമാണ്. 1968-ൽ പാർലമെൻ്റിന്റെ അനൗപചാരിക കോൺസൾട്ടേറ്റീവ് കമ്മിറ്റിയിൽ വിദേശകാര്യ മന്ത്രാലയം കുറിപ്പ് പങ്കുവെച്ചിട്ടുണ്ട്.
1974-ൽ പ്രധാനമന്ത്രി ഇന്ദിര ”ഇന്തോ-ശ്രീലങ്കൻ മാരിടൈം ഉടമ്പടി” പ്രകാരമാണ് കച്ചത്തീവിനെ ശ്രീലങ്കയ്‌ക്ക് വിട്ടുകൊടുത്തത്. പാക് കടലിടുക്കിലെ സമുദ്രാതിർത്തി പരിഹരിക്കാൻ എന്ന പേരിൽ ഇന്തോ-ശ്രീലങ്കൻ മാരിടൈം കരാറിലൂടെ ഇന്ദിര കച്ചത്തീവ് ദ്വീപിന്റെ പരമാധികാരം ശ്രീലങ്കയ്‌ക്ക് അടിയറ വെച്ചു
ഇന്ത്യൻ മത്സ്യത്തൊഴിലാളികൾക്ക് ദ്വീപ് മത്സ്യബന്ധന വല ഉണക്കാൻ ഉപയോഗിക്കാം എന്നത് മാത്രമായിരുന്നു അന്നത്തെ ആ കരാറിൽ ഇന്ത്യക്ക് അനുകൂലമായ കാര്യം. 1976 ൽ പുതുക്കിയ കരാറാണ് പ്രദേശം പൂർണ്ണമായും ഇന്ത്യക്ക് നഷ്ടപ്പെടാൻ കാരണമായത്. അടിയന്തരാവസ്ഥയുടെ മറവിലായിരുന്നു ഇന്ദിര നീക്കങ്ങളെല്ലാം നടത്തിയത്.















