ബെംഗളൂരു: കനത്ത ചൂട് തുടരുന്ന സാഹചര്യത്തിൽ കർണാടകയിൽ ഇരുപതിലധികം കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിവിധ അസുഖങ്ങൾ ബാധിച്ച് ആരോഗ്യനില മോശമായതിനെ തുടർന്നാണ് കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കർണാടകയിലെ ബല്ലാരിയിലാണ് സംഭവം. പത്ത് വയസിന് താഴെയുള്ള കുട്ടികളാണ് സംസ്ഥാനത്തെ വിവിധ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നത്.
പനി, ഛർദ്ദി, തലകറക്കം എന്നിവയെ തുടർന്നാണ് കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്. ചൂട് ദിനംപ്രതി വർദ്ധിക്കുന്ന സാഹചര്യത്തിൽ കുട്ടികളും പ്രായമായവരും സൂര്യപ്രകാശം ഏൽക്കാതെ സൂക്ഷിക്കണമെന്ന് സർക്കാർ നിർദ്ദേശം നൽകിയിട്ടുണ്ട്. ഇത് സംബന്ധിച്ച് സർക്കാർ മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. കുട്ടികളും പ്രായമായവരും ഉച്ചയ്‌ക്ക് ഒരു മണി മുതൽ വൈകുന്നേരം നാല് മണി വരെ പുറത്തിറങ്ങരുതെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
കഴിഞ്ഞ ഒരാഴ്ചയായി ബല്ലാരി ജില്ലയിൽ 40 ഡിഗ്രി സെൽഷ്യസിന് മുകളിലാണ് ചൂട് അനുഭവപ്പെടുന്നത്. ഈ വർഷം പരമാവധി താപനില 45 ഡിഗ്രി സെൽഷ്യസിൽ എത്തുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇതേ തുടർന്ന് ബല്ലാരി ജില്ല ഉൾപ്പെടെ വടക്കൻ കർണാടകയിലുടനീളം ഹീറ്റ് വേവ് അലർട്ട് പ്രഖ്യാപിച്ചിരുന്നു.















